Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
Bengaluru Chennai Expressway Faces Delay as NHAI Terminates Key Contract: അരക്കോണം മുതല്‍ കാഞ്ചീപുരം വരെയുള്ള ഏകദേശം 25.5 കിലോമീറ്റര്‍ ഭാഗമാണ് പദ്ധതിയിലെ പ്രധാന തടസമായി തുടരുന്നത്. ഈ ഭാഗത്ത് നിര്‍മാണ പുരോഗതി ഏകദേശം 53 ശതമാനത്തില്‍ മാത്രമാണ് എത്തിയിരുന്നതെന്ന് യാത്രക്കാര്‍ക്കും അധികൃതര്‍ക്കും നിരാശ സമ്മാനിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
ബെംഗളൂരു-ചെന്നൈ യാത്രാ ദുരിതം അടുത്തകാലത്തൊന്നും തീരില്ല. യാത്ര കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ പദ്ധതിയിലെ കരാര്‍ റദ്ദാക്കിയിരിക്കുന്നു. തമിഴ്‌നാട്ടിലെ അരക്കോണം-കാഞ്ചീപുരം ഭാഗത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്ന കരാറുകാരന്റെ കരാര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവസാനിപ്പിച്ചു. നിര്‍മാണം നീണ്ടുനിന്നതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
അരക്കോണം മുതല്‍ കാഞ്ചീപുരം വരെയുള്ള ഏകദേശം 25.5 കിലോമീറ്റര്‍ ഭാഗമാണ് പദ്ധതിയിലെ പ്രധാന തടസമായി തുടരുന്നത്. ഈ ഭാഗത്ത് നിര്‍മാണ പുരോഗതി ഏകദേശം 53 ശതമാനത്തില്‍ മാത്രമാണ് എത്തിയിരുന്നതെന്ന് യാത്രക്കാര്‍ക്കും അധികൃതര്‍ക്കും നിരാശ സമ്മാനിച്ചിരുന്നു. 2025 മേയില്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കരാറുകാരന്‍ നിര്‍മാണം നിര്‍ത്തിയിരുന്നു.
633 കോടിയുടെ പുതിയ ടെന്‍ഡര്‍
നിലച്ചുകിടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി കണക്കാക്കിയ ചെലവ് 633.12 കോടിയാണ്. പുതിയ കരാറുകാരന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 18 മാസത്തെ സമയമാണ് അതോറിറ്റി നല്‍കുന്നത്. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ പരിപാലന ചുമതലയും കരാറിന്റെ ഭാഗമായിട്ട് ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ ഒന്നിന് ടെന്‍ഡര്‍ രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 28 വരെ കമ്പനികള്‍ക്ക് ബിഡ് സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. സെപ്റ്റംബര്‍ 29നാണ് ബിഡ് തുറക്കുക.
ബെംഗളൂരു-ചെന്നൈ യാത്ര വൈകും
ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ഏകദേശം 260 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ വലിയൊരു ഭാഗത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കര്‍ണാടകയിലെ ഭാഗങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും പല ഭാഗങ്ങളിലും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നതാണ് ആശ്വാസം. എന്നാല്‍ കര്‍ണാടകയെയും ആന്ധ്രാപ്രദേശിനെയും മാറ്റിനിര്‍ത്തിയാല്‍ തമിഴ്‌നാട്ടിലെ നിര്‍മാണം വളരെ വൈകി.
Also Read: Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി
അരക്കോണം-കാഞ്ചീപുരം ഭാഗത്തെ നിര്‍മാണം വൈകിയതാണ് മുഴുവന്‍ എക്‌സ്പ്രസ് വേയും തുറന്നുകൊടുക്കുന്നതിന് പ്രധാന വെല്ലുവിളിയാകുന്നത്. നിലവില്‍ ഈ ഭാഗത്ത് 14.47 കിലോമീറ്ററോളം നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
പുതിയ കരാറിലൂടെ പദ്ധതി വേഗത്തിലാക്കാന്‍ ശ്രമം
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരു-ചെന്നൈ റോഡ് യാത്രയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അരക്കോണം-കാഞ്ചീപുരം ഭാഗത്തെ പുതിയ ടെന്‍ഡറും തുടര്‍ന്നുള്ള നിര്‍മാണവും പൂര്‍ത്തിയാകുന്നതുവരെ മുഴുവന്‍ പാതയും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകില്ല. യാത്രക്കാര്‍ക്ക് നിര്‍മാണം കഴിയും വരെ വേഗത കുറച്ച് പതുക്കെ പോകേണ്ടതായി വരും. പുതിയ കരാറുകാരന് 18 മാസത്തെ നിര്‍മാണ കാലാവധി നിശ്ചയിച്ചിരിക്കുന്നതിനാല്‍, നടപടികള്‍ സമയബന്ധിതമായി മുന്നോട്ട് പോയാല്‍ നിലച്ചുകിടക്കുന്ന ഈ പ്രധാന ഭാഗത്തിന് വീണ്ടും ജീവന്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
English Summary
The Bengaluru Chennai Expressway project faces another delay after NHAI terminated the contract for the Arakkonam Kancheepuram stretch. A fresh tender has been invited to complete the pending work.