Namma Metro: 16 ട്രെയിനുകള്‍ 8 മിനിറ്റില്‍ എത്തും; താവരക്കരെയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Kalena Agrahara to Tavarekere Bengaluru Metro Update: പിങ്ക് ലൈനില്‍ ആറ് എലിവേറ്റഡ് സ്റ്റേഷനുകളുണ്ടായിരിക്കും. ഏപ്രില്‍ മാസം വരെ പരീക്ഷണയോട്ടം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളുടെയെല്ലാം നിര്‍മാണം പുരോഗമിക്കുകയാണ്.

നമ്മ മെട്രോ
ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് യാത്രക്കാര്‍. ജൂണിലാണ് പിങ്ക് ലൈനിന്റെ കലേന അഗ്രഹാര മുതല്‍ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവറില്ലാതെ സര്‍വീസ് നടത്താന്‍ സാധിക്കുന്ന ആറ് കോച്ചുകളുള്ള ട്രെയിനായിരുന്നു ഈ ലൈനിലേക്ക് പരീക്ഷണയോട്ടത്തിന് എത്തിച്ചിരുന്നത്. ഇത്തരത്തില്‍ അഞ്ച് ട്രെയിനുകള്‍ ബിഇഎംഎല്‍ നിര്‍മിക്കുന്നുണ്ട്.
പിങ്ക് ലൈനില്‍ ആറ് എലിവേറ്റഡ് സ്റ്റേഷനുകളുണ്ടായിരിക്കും. ഏപ്രില്‍ മാസം വരെ പരീക്ഷണയോട്ടം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളുടെയെല്ലാം നിര്‍മാണം പുരോഗമിക്കുകയാണ്. 2026 ഡിസംബര്‍ മാസത്തോടെ കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പിങ്ക് ലൈന്‍ 21.24 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
16 ട്രെയിനുകളായിരിക്കും ഈ ലൈനില്‍ സര്‍വീസ് നടത്തുന്നത്. 8 മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ എത്തിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ പറയുന്നു. താവരക്കരെ മുതല്‍ നാഗവാര വരെയുള്ള 13.8 കിലോമീറ്റര്‍ പാത തുരങ്കത്തിലൂടെ കടന്നുപോകും. നമ്മ മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത കൂടിയാണിത്.
2017ലാണ് ഈ പാതയുടെ നിര്‍മാണം ആരംഭിച്ചത്. ബെന്നാര്‍ഘട്ടെ റോഡ്, ബ്രിഗേഡ് റോഡ്, എംജി റോഡ്, കാമരാജ് റോഡ്, ശിവാജിനഗര്‍, കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷന്‍, ഔട്ടര്‍റിങ് റോഡ് എന്നിവിടങ്ങളിലൂടെയാണ് ഈ തുരങ്കപാത കടന്നുപോകുന്നത്.
ബെംഗളൂരുവിന് പുറത്തേക്ക് മെട്രോ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 97 കിലോമീറ്ററാണ് പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളിലായി നിലവില്‍ മെട്രോയുടെ സര്‍വീസ്. എന്നാല്‍ ഇതിലേക്ക് 41 കിലോമീറ്റര്‍ കൂടി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉള്‍പ്പെടുത്തും. തുമകുരുവിലേക്ക് മെട്രോ പാത ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.