Namma Metro: തുമകുരുവില്‍ മെട്രോയ്ക്ക് മുമ്പ് ട്രെയിനെത്തും; ഉള്‍നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ റെയില്‍വേ
Namma Metro to Tumakuru May Wait as Bengaluru Suburban Rail Project Moves Ahead: തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു-തുമകുരു റെയില്‍ പാത നാലിരട്ടിയാക്കും. ഏകദേശം 2,231.8 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാനാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍ ആലോചിക്കുന്നത്. 70 കിലോമീറ്ററില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ കൂട്ടിച്ചേര്‍ത്താകും പ്രവര്‍ത്തനം.
ബെംഗളൂരു: കര്‍ണാടകയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച് റെയില്‍വേ. ബെംഗളൂരുവിനും തുമകുരുവിനും ഇടയില്‍ സബര്‍ബന്‍ കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് റെയില്‍വേ മന്ത്രാലയം. നമ്മ മെട്രോയുടെ ഗ്രീന്‍ ലൈന്‍ മഡവര മുതല്‍ തുമകുരു വരെ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് റെയില്‍വേ മറ്റൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു-തുമകുരു റെയില്‍ പാത നാലിരട്ടിയാക്കും. ഏകദേശം 2,231.8 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാനാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍ ആലോചിക്കുന്നത്. 70 കിലോമീറ്ററില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ കൂട്ടിച്ചേര്‍ത്താകും പ്രവര്‍ത്തനം. വര്‍ഷങ്ങളായി ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകളില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെങ്കിലും റെയില്‍ പാതകളിലുള്ള പരിമതി വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബെംഗളൂരു-തുമകുരു ക്വാഡ്രപ്ലിങ് പദ്ധതി പ്രകാരം രണ്ട് അധിക റെയില്‍വേ ട്രാക്കുകള്‍ ചേര്‍ത്ത് സബര്‍ബന്‍ റെയില്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തും, ഇത് ഇടനാഴിയുടെ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയില്‍ പാത നവീകരണം കൂടുതല്‍ സബര്‍ബന്‍ ട്രെയിനുകള്‍, കുറഞ്ഞ കാത്തിരിപ്പ് സമയം, എക്‌സ്പ്രസ് ട്രെയിനുകള്‍ തുടങ്ങി വിവിധ തരത്തില്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു-തുമകുരു ട്രെയിന്‍ സര്‍വീസ്
നിലവില്‍ ഏഴ് മെമു ട്രെയിനുകളാണ് ബെംഗളൂരു-തുമകുരു റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ചിക്കബനവര ജങ്ഷന്‍, ദബാസ്‌പേട്ട്, ക്യാത്സാന്ദ്ര തുടങ്ങി 13 സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകളുമുണ്ട്. പ്രതിദിനം 17,900 ത്തിലധികം പേരാണ് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതെന്നാണ് വിവരം.
Also Read: Namma Metro: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍
തുമകുരു റെയില്‍വേ സ്റ്റേഷനില്‍ 79 മെയില്‍ അല്ലെങ്കില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും 29 പാസഞ്ചര്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ ബെംഗളൂരുവിനും ധാര്‍വാഡിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും ഇവിടെ നിര്‍ത്തുന്നതാണ്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബെംഗളൂരു-തുമകുരു, മൈസൂരു, കോലാര്‍, കനകപുര, ചിക്കബെല്ലാപൂര്‍ തുടങ്ങിയ റൂട്ടുകളിലേക്ക് കൂടുതല്‍ സബര്‍ബന്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഡികെ ശിവകുമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിനെ കേന്ദ്രീകരിച്ചും പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് സബര്‍ബന്‍ ട്രെയിന്‍ വ്യാപിപ്പിക്കണമെന്നുമാണ് ആവശ്യം.
അതേസമയം, ഏകദേശം 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് നമ്മ മെട്രോ തുമകുരുവിലേക്ക് കൂടി നീട്ടുന്ന പദ്ധതി. ഇതിന് ചെലവ് വളരെ കൂടുതലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സബര്‍ബന്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സാധ്യത. തുമകുരു വരെ മെട്രോ നീട്ടാനുള്ള നിര്‍ദേശം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുകയാണ്, എന്നാല്‍ വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
English Summary
The Bengaluru Suburban Rail project is moving ahead rapidly, with services expected to begin before the Namma Metro extension reaches Tumakuru. Indian Railways is accelerating work on the suburban rail network to improve regional connectivity. The project is expected to ease traffic congestion and offer faster travel for commuters across the Bengaluru metropolitan region.