Bengaluru: 101 ആകാശപാതകൾ, റോഡ് പരിഷ്കാരങ്ങൾ: ബെംഗളൂരുവിലെ ട്രാഫിക്ക് കുറയ്ക്കാൻ പോലീസിൻ്റെ വമ്പൻ പ്ലാൻ
Bengaluru Police Traffic Plan: ബെംഗളൂരുവിലെ ട്രാഫിക് തിരക്ക് കുറയ്ക്കാൻ ട്രാഫിക് പോലീസിൻ്റെ നിർദ്ദേശങ്ങൾ. 101 ആകാശപാതകൾ അടങ്ങുന്നതാണ് നിർദ്ദേശങ്ങൾ.

ബെംഗളൂരു ട്രാഫിക്
ബെംഗളൂരു നഗരത്തിലെ ട്രാഫിക് തിരക്ക് കുറയ്ക്കാൻ വമ്പൻ പദ്ധതിയുമായി ട്രാഫിക് പോലീസ്. 101 ആകാശപാതകൾ അടങ്ങുന്ന പദ്ധതിയാണ് ട്രാഫിക് പോലീസ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയ്ക്ക് (ജിബിഎ) മുന്നിൽ സമർപ്പിച്ചത്. നഗരത്തിലെ ട്രാഫിക് തിരക്ക് കുറച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുത്ത ജിബിഎ ഉദ്യോഗസ്ഥരോടും എഞ്ചിനീയർമാരോടും ഉടൻ തന്നെ സ്ഥലപരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ട്രാഫിക് പോലീസുമായിച്ചേർന്ന് പരിശോധനകൾ നടത്തി സാധ്യമാകുമ്പോൾ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിർദ്ദേശം.
തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 101 ആകാശപാതകൾ നിർമ്മിക്കണമെന്നതാണ് നിർദ്ദേശങ്ങളിലെ പ്രധാന പദ്ധതി. വഴിയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ ഉണ്ടാവുന്ന വാഹനാപകടങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇത് ട്രാഫിക് തിരക്ക് ഉയർന്നയിടങ്ങളിൽ വാഹനങ്ങളുടെ ഒഴുക്ക് തടസപ്പെടാതിരിക്കാനും സഹായിക്കും.
Also Read: Bengaluru-West Bengal Train: ബെംഗളൂരുവിലേക്ക് മൂന്ന് വീക്ക്‌ലി എക്‌സ്പ്രസുകൾ; സർവീസ് ഈ ദിവസങ്ങളിൽ
നഗരത്തിലെ 103 ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും പോലീസിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. ഈ ബസ് സ്റ്റോപ്പുകൾ തിരക്കിന് കാരണമാവുന്നുണ്ട്. ഇവ മാറ്റി യോജിച്ച സ്ഥലത്തേക്ക് മാറ്റുന്നതും ട്രാഫിക് തിരക്ക് കുറയ്ക്കാൻ സഹായകമാവും. വെള്ളക്കെട്ടിന് സാധ്യതയുള്ള 137 ഇടങ്ങളെപ്പറ്റിയും നിർദ്ദേശങ്ങളിൽ പരാമർശമുണ്ട്. മഴക്കാലത്ത് ഇവ കാരണം ട്രാഫിക് തിരക്കുകൾ പതിവാണ്. ഈ ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കിയാൽ അതും ട്രാഫിക് തിരക്ക് കുറയ്ക്കും. നഗരത്തിലെ 84 സ്പീഡ് ബ്രേക്കറുകൾ നീക്കണം. ഇവ അശാസ്ത്രീയമായി നിർമ്മിച്ചതാണ്. ഇവ കാരണം വാഹനങ്ങളുടെ വേഗത കുറഞ്ഞ് ട്രാഫിക് തിരക്ക് ഉണ്ടാവുന്നുണ്ടെന്നും പോലീസ് പറയുന്നു.
63 ബസ് സ്റ്റാൻഡുകൾ ഉണ്ടാക്കണമെന്ന നിർദ്ദേശവുമുണ്ട്. പ്രധാന പാതകളിൽ ബസുകൾ നിർത്തുന്നത് തടയാൻ ഇത് സഹായിക്കും. ഇത്തരത്തിൽ പ്രധാന പാതകളിൽ ബസുകൾ നിർത്തുന്നത് ട്രാഫിക് തിരക്കിന് കാരണമാവാറുണ്ട്. ഏറെ തിരക്കുപിടിച്ച 35 റോഡുകൾ പൂർണമായു നവീകരിക്കണമെന്നും പോലീസ് പറയുന്നു.