Bengaluru-West Bengal Train: ബെംഗളൂരുവിലേക്ക് മൂന്ന് വീക്ക്‌ലി എക്‌സ്പ്രസുകള്‍; സര്‍വീസ് ഈ ദിവസങ്ങളില്‍
New Weekly Train Services From Bengaluru to West Bengal: ആകെ 22 കോച്ചുകളാണ് ഈ ട്രെയിനുകള്‍ക്ക് ഉള്ളത്. കര്‍ണാടകയിലെ കെആര്‍ പുരത്തും ബംഗാരപേട്ടയിലും സ്റ്റോപ്പുകളുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ വിവിധ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.
ബെംഗളൂരു: ദിനംപ്രതി ഉയരുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് മൂന്ന് പുതിയ വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പശ്ചിമ ബംഗാളിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ജോലി, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് നിലവില്‍ റെയില്‍വേയുടെ നീക്കം.
ജനുവരി 21 മുതലാണ് ട്രെയിന്‍ നമ്പര്‍ 16523 സര്‍വീസ് ആരംഭിച്ചത്. എല്ലാ ബുധനാഴ്ചയും രാവിലെ 10.15ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, വ്യാഴാഴ്ച പുലര്‍ച്ചെ 4.15ന് ബാലുര്‍ഘട്ടില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 16524 ന്റെ മടക്കയാത്ര എല്ലാ ശനിയാഴ്ചയും പുലര്‍ച്ചെ 5.15ന് ബാലുര്‍ഘട്ടില്‍ നിന്ന് ആരംഭിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബെംഗളൂരു എസ്എംവിടിയില്‍ ട്രെയിനെത്തുന്നത്.
ജനുവരി 22 മുതല്‍ സര്‍വീസ് ആരംഭിച്ച ട്രെയിന്‍ നമ്പര്‍ 16223, എല്ലാ വ്യാഴാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 1.50ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍, ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് രാധികാപൂരില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 16224 ന്റെ മടക്കയാത്ര എല്ലാ ഞായറാഴ്ചകളിലുമാണ്. രാത്രി 9.30ന് രാധികാപൂരില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 8.45ന് ബെംഗളൂരു എസ്എംവിടിയില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും.
ജനുവരി 24 മുതലായിരുന്നു ട്രെയിന്‍ നമ്പര്‍ 16597 യാത്ര തുടങ്ങിയത്. എല്ലാ ശനിയാഴ്ചകളിലും ഈ ട്രെയിന്‍ രാവിലെ 8.50ന് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളില്‍ രാവിലെ 10.25ന് അലിപുര്‍ദുവാര്‍ ജങ്ഷനില്‍ എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 16598 എല്ലാ തിങ്കളാഴ്ചകളിലുമാണ് മടക്കയാത്ര നടത്തുന്നത്. രാവിലെ 10.25ന് അലിപുര്‍ദുവാര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ബെംഗളൂരു എസ്എംവിടിയില്‍ എത്തും.
ആകെ 22 കോച്ചുകളാണ് ഈ ട്രെയിനുകള്‍ക്ക് ഉള്ളത്. കര്‍ണാടകയിലെ കെആര്‍ പുരത്തും ബംഗാരപേട്ടയിലും സ്റ്റോപ്പുകളുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ വിവിധ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.