AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru: ബെംഗളൂരു ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ ട്രാഫിക് പോലീസ്; അധികതുക ഈടാക്കിയാൽ കടുത്ത നടപടി

Bengaluru Auto Drivers: നിയമലംഘനം നടത്തുന്ന ഓട്ടോഡ്രൈവർമാരെ പൂട്ടാൻ ബെംഗളൂരു പോലീസ്. നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.

Bengaluru: ബെംഗളൂരു ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ ട്രാഫിക് പോലീസ്; അധികതുക ഈടാക്കിയാൽ കടുത്ത നടപടി
ഓട്ടോImage Credit source: PTI
Abdul Basith
Abdul Basith | Published: 05 Jan 2026 | 07:42 PM

ബെംഗളൂരു ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാനുള്ള നടപടികളുമായി ട്രാഫിക് പോലീസ്. യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ജോയിൻ്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി നിർദ്ദേശം നൽകി. മീറ്റർ ഇടാതിരിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ, ട്രാഫിക് നിയമലംഘനം എന്നിവയൊക്കെ കർശനമായി പരിശോധിച്ച് നടപടിയെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

പൊതുജനങ്ങളിൽ നിന്നുള്ള പരാതി പരിഗണിച്ചാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ നീക്കം. മേല്പറഞ്ഞ കുറ്റകൃത്യങ്ങൾക്ക് മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഓട്ടോ ഡ്രൈവർമാർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോന്നുന്നത് പോലെ തുക ഈടാക്കുന്നത് ഇനി അനുവദിക്കില്ലെന്ന് ജോയിൻ്റ് കമ്മീഷണർ പറഞ്ഞു. മീറ്റർ ഉപയോഗിക്കാതെ ഓട്ടോ ഓടിക്കുന്നവർക്കെതിരെയും നിർദ്ദേശിച്ചിരിക്കുന്ന തുകയ്ക്ക് മുകളിൽ യാത്രാകൂലി വാങ്ങുന്നവർക്കെതിരെയും കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Delhi Metro: തിക്കില്ല തിരക്കില്ല ഓഫീസിൽ പാഞ്ഞെത്താം; ഡൽഹി മെട്രോ പുതിയ ട്രാക്കിലേക്ക്

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാരെപ്പറ്റിയുള്ള പരാതികൾക്ക് വളരെ പഴക്കമുണ്ട്. ഭീഷണി, അധിക തുക ഈടാക്കൽ, ചീത്തവിളി തുടങ്ങിയ പരാതികളാണ് അടുത്ത കാലത്തായി യാത്രക്കാർ ഉയർത്തിയിട്ടുള്ളത്. പരാതികളുടെ എണ്ണം കൂടിയപ്പോഴാണ് പോലീസ് നടപടിയെടുക്കാൻ തീരുമാനിച്ചത്.

ഇത്തരം പെരുമാറ്റം പൊതുജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യൂണിഫോം അണിയാതെ വാഹനമോടിക്കുന്ന ഓട്ടോ ഡ്രൈവർമാരുമുണ്ട്. ഇതും നിയമലംഘനമാണ്. വാഹനത്തിനുള്ളിൽ തിരിച്ചറിയൽ രേഖകൾ പതിപ്പിക്കാനും പലരും തയ്യാറാവുന്നില്ല. ഗതാഗത നിയമഭേദഗതിയിൽ ഇത് നിർബന്ധമാക്കിയിരുന്നെങ്കിലും പലരും അത് പാലിക്കുന്നില്ലെന്നും പോലീസ് പറയുന്നു.

ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ കനത്ത പിഴയീടാക്കാനാണ് തീരുമാനം. യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിൽ ട്രാഫിക് പോലീസിനും മോട്ടോർ വാഹന വകുപ്പിനും ജോയിൻ്റ് കമ്മീഷണർ നിർദ്ദേശം നൽകി.