അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലും കുഞ്ഞുങ്ങളില്ല, വഴക്കിനൊടുവിൽ ഭർത്താവിൻ്റെ ജീവനെടുത്ത് ഭാര്യ
Bank Employee Stabbed to Death by Wife Over Fertility Issues: ബുധനാഴ്ച രാത്രിയും രാജശേഖർ നന്നായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് കുട്ടികളില്ലാത്ത വിഷയം പറഞ്ഞ് ഭാര്യയുമായി വീണ്ടും വലിയ തർക്കമുണ്ടായി. വാക്കുതർക്കം അതിരൂക്ഷമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട മാലശ്രീ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് രാജശേഖറിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
ബെംഗളൂരു: വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ ലക്ഷ്മിപുരയിലാ നാടിനെ ഒന്നാകെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ബാങ്കിലെ വായ്പാ വിഭാഗത്തിൽ ജീവനക്കാരനായ രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജശേഖറിൻ്റെ ഭാര്യയും വീട്ടമ്മയുമായ മാലശ്രീയെ (35) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് ദാരുണമായ ഈ കൊലപാതകം നടന്നത്.
പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അഞ്ച് വർഷം മുൻപായിരുന്നു രാജശേഖറിൻ്റെയും മാലശ്രീയുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് ഇതുവരെ കുട്ടികളുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളും വാക്കുതർക്കങ്ങളും നിലനിന്നിരുന്നു. പകൽ സമയങ്ങളിൽ ഭാര്യയോട് വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന രാജശേഖർ, എന്നാൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയാൽ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. കുട്ടികളില്ലാത്തതിൻ്റെ പേരിൽ മാലശ്രീയെ ഇയാൾ സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ ഈ നിരന്തര പീഡനങ്ങളിൽ മാലശ്രീ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായും വിവരമുണ്ട്.
Also Read: സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
ബുധനാഴ്ച രാത്രിയും രാജശേഖർ നന്നായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് കുട്ടികളില്ലാത്ത വിഷയം പറഞ്ഞ് ഭാര്യയുമായി വീണ്ടും വലിയ തർക്കമുണ്ടായി. വാക്കുതർക്കം അതിരൂക്ഷമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട മാലശ്രീ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് രാജശേഖറിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജശേഖറിനെ ഉടൻ തന്നെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടികളുണ്ടാകാൻ ഈ ദമ്പതികൾ ചികിത്സ തേടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ചികിത്സയുടെ സ്വഭാവം മനസ്സിലാക്കുന്നതിനുമായി ഇവരുടെ കൃത്യമായ ചികിത്സാ രേഖകൾ ഹാജരാക്കാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കെമ്പഗൗഡ നഗർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി മാലശ്രീയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കേസുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
English Summary
A 35-year-old woman in Bengaluru stabbed her 44-year-old husband to death with a kitchen knife following a heated argument over their inability to have children. She is in police custody.