Bihar Election 2025: ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിൽ വിള്ളൽ, ജെഎംഎം ആറിടങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കും
Bihar Assembly Elections 2025: ബീഹാർ നിയമസഭയിലെ 243 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബർ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തിലായിരിക്കും ജെഎംഎം മത്സരിക്കുക. എന്നാൽ സ്ഥാനാർത്ഥികൾ ആരെല്ലാമാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പട്ന: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Bihar Assembly Elections) അടുത്തിരിക്കെ മഹാ സഖ്യത്തിൽ വിള്ളൽ. സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ സ്വതന്ത്രമായി മത്സരിക്കാനൊരുങ്ങി ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). 12 സീറ്റുകളായിരുന്നു ജെഎംഎം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ചകായ്, ധംദഹ, കറ്റോറിയ (എസ്ടി) പിർപൈന്തി, മണിഹരി (എസ്ടി), ജാമുയി എന്നീ ആറ് സീറ്റുകളാണ് ജെഎംഎം കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുകയെന്നാണ് റിപ്പോർട്ട്. എന്നാൽ സ്ഥാനാർത്ഥികൾ ആരെല്ലാമാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തങ്ങൾ മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കില്ലെന്നും ജെഎംഎം പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ അറിയിച്ചു.
ബീഹാർ നിയമസഭയിലെ 243 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബർ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തിലായിരിക്കും ജെഎംഎം മത്സരിക്കുക. കാരണം ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനിച്ചത്.
Also Read: എന്‍ഡിഎ വിജയിച്ചാല്‍ ബിഹാറില്‍ വീണ്ടും നിതീഷ് മുഖ്യമന്ത്രിയാകുമോ? അമിത് ഷായുടെ മറുപടി
നവംബർ ആറിന് വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിലേക്ക് 1,250 ൽ അധികം സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. പല സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇനിയും ലഭിക്കാനുള്ളതിനാൽ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഭോജ്പുരി സിനിമാതാരങ്ങളും മറ്റ് കലാകാരന്മാരും ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയുടെ 10 റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അതിനുള്ള സ്ഥലങ്ങളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ (പിഎംഒ) അംഗീകാരത്തിനായി നൽകിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ 25 ഓളം റാലികളിൽ പങ്കെടുക്കും. രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ മുതിർന്ന നേതാക്കളും പ്രചാരണ പരിപാടി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.