India Post: ഇനി ഒറ്റ ദിവസം കൊണ്ട് തപാലുകൾ ലക്ഷ്യ സ്ഥാനത്തെത്തും; വേഗതയ്ക്കൊപ്പം ഓടിയെത്താൻ ഇന്ത്യ പോസ്റ്റ്
24 Hour Speed Post By India Post: ഒരു ദിവസം കൊണ്ട് കത്തുകളും പാഴ്സലുകളും ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ ഇന്ത്യ പോസ്റ്റ്. അടുത്ത വർഷം ജനുവരി മുതൽ ഈ സേവനം ആരംഭിക്കും.
ഒറ്റ ദിവസം കൊണ്ട് തപാലുകൾ ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു ദിവസം കൊണ്ടും രണ്ട് ദിവസം കൊണ്ടും ഉറപ്പായി പാഴ്സലുകളും കത്തുകളും എത്തിക്കാനുള്ള സേവനം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 24 മണിക്കൂർ, 48 മണിക്കൂർ വിൻഡോയിലാണ് ഈ സർവീസ് നടക്കുക.
24 മണിക്കൂർ, 48 മണിക്കൂർ തപാൽ സേവനങ്ങളും അടുത്ത ദിവസം പാഴ്സൽ എത്തിക്കുന്ന സേവനങ്ങളും 2026 ജനുവരി മുതൽ ആരംഭിക്കും. സ്വകാര്യ കൊറിയർ സർവീസുകൾക്കൊപ്പം മത്സരിക്കാനാണ് ഇന്ത്യ പോസ്റ്റിൻ്റെ ശ്രമം. 24 മണിക്കൂർ ഡെലിവറി സർവീസ് പ്രധാന നഗരങ്ങൾ തമ്മിലുള്ള മെട്രോ റൂട്ടുകളിലാവും ലഭ്യമാവുക. മറ്റ് പ്രധാന റൂട്ടുകളിൽ 48 മണിക്കൂർ ഡെലിവറി സേവനവും അവതരിപ്പിക്കും. ഈ സേവനങ്ങൾക്കായി പ്രത്യേക ഫീസും ഇന്ത്യ പോസ്റ്റ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“കത്തുകളും പാഴ്സലുകളും ഡെലിവറി ഗ്യാരൻ്റിയാക്കാനുള്ള പുതിയ സേവനങ്ങൾ ആരംഭിക്കുകയാണ്. 24 മണിക്കൂർ കൊണ്ട് കത്തുകൾ ലക്ഷ്യ സ്ഥാനത്തെത്തിക്കാനായി ഒരു 24 മണിക്കൂർ സ്പീഡ് പോസ്റ്റ് സർവീസ് ആരംഭിക്കും. ഇതുപോലെ 48 മണിക്കൂർ കൊണ്ട് കത്തുകളും മറ്റും ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ ഒരു 48 മണിക്കൂർ സ്പീഡ് പോസ്റ്റ് സർവീസും ആരംഭിക്കും. പാഴ്സലുകൾ തൊട്ടടുത്ത ദിവസം തന്നെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന സേവനവും ഇതോടൊപ്പം ആരംഭിക്കും. ഇപ്പോൾ അഞ്ച് ദിവസം വരെയെടുത്താണ് പാഴ്സലുകൾ ഡെലിവർ ചെയ്യുന്നത്.”- മന്ത്രി പറഞ്ഞു. 2029ഓടെ ഇന്ത്യ പോസ്റ്റിനെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് എത്തിക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.