Bihar Election 2025: മത്സരിക്കാനില്ലെന്ന് ജെഎംഎം, ബിഹാറില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍
Jharkhand Mukti Morcha: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജെഎംഎം തീരുമാനിച്ചു. ജാര്‍ഖണ്ഡിലെ സഖ്യവും പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ജെഎംഎം. ജെഎംഎം ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യത്തിന്റെ ഭാഗമാണ്
പട്‌ന: നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) തീരുമാനം ബിഹാറില്‍ സൃഷ്ടിക്കുന്നത് അപ്രതീക്ഷിത രാഷ്ട്രീയസംഭവവികാസങ്ങള്‍. മഹാസഖ്യത്തില്‍ ഉടലെടുത്ത പടലപ്പിണക്കമാണ് ജെഎംഎമ്മിനെ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചത്. ജാമുയി, ചകായ്, ധംദഹ, മണിഹരി, പിർപൈന്തി, കറ്റോറിയ എന്നീ ആറ് മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ മണ്ഡലങ്ങളിലും ജെഎംഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.
സീറ്റ് വിഭജന ചർച്ചകളിൽ ആർജെഡി ജെഎംഎമ്മിനെ മാറ്റിനിര്‍ത്തിയെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ സുദിവ്യ കുമാര്‍ കുറ്റപ്പെടുത്തി. ആര്‍ജെഡിയുടേത് രാഷ്ട്രീയ തന്ത്രമാണ്. ഒക്ടോബര്‍ ഏഴിന് താന്‍ പാര്‍ട്ടി പ്രതിനിധിയായി പട്‌നയില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നു. ജെഎംഎമ്മിനെ ഒഴിവാക്കാന്‍ ഇന്ത്യാ മുന്നണി ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും സുദിവ്യ കുമാര്‍ പറഞ്ഞു.
ആര്‍ജെഡിക്ക് കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കാമായിരുന്നു. എന്നാല്‍ അവര്‍ വ്യക്തത നല്‍കിയില്ല. അവര്‍ രാഷ്ട്രീയ തന്ത്രങ്ങളില്‍ മുഴുകിയെന്നും സുദിവ്യ കുമാര്‍ ആരോപിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും പരാജയപ്പെട്ടെന്ന് സുപ്രിയോ ഭട്ടാചാര്യ വിമര്‍ശിച്ചു.
Also Read: എന്‍ഡിഎ വിജയിച്ചാല്‍ ബിഹാറില്‍ വീണ്ടും നിതീഷ് മുഖ്യമന്ത്രിയാകുമോ? അമിത് ഷായുടെ മറുപടി
ഭിന്നത രൂക്ഷം
ജാര്‍ഖണ്ഡിലെ സഖ്യവും പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ജെഎംഎം. ജെഎംഎം ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യത്തിന്റെ ഭാഗമാണ്. ബിഹാറിലെ അലയൊലികള്‍ ജാര്‍ഖണ്ഡിലും വലിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന സൂചനയാണ് ജെഎംഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാഷ്ട്രീയായുധമാക്കി ബിജെപി
അതേസമയം, മഹാസഖ്യവുമായുള്ള ജെഎംഎമ്മിന്റെ ഭിന്നത ബിജെപി രാഷ്ട്രീയായുധമാക്കി. രാഹുലിന്റെയും തേജസ്വിയുടെയും ധാർഷ്ട്യമാണ് മഹാസഖ്യത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.