Bihar Election 2025: ബീഹാറിൽ എതിരാളികളില്ലാതെ കുതിച്ച് എൻഡിഎ; തകർന്നടിഞ്ഞ് മഹാസഖ്യം
NDA Set For Clean Sweep In Bihar: ബീഹാറിൽ എൻഡിഎ സഖ്യം വൻ വിജയത്തിലേക്ക്. 170ലധികം സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്.

പ്രതീകാത്മക ചിത്രം
ബീഹാറിൽ എതിരാളികളില്ലാതെ കുതിച്ച് എൻഡിഎ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ബീഹാറിലെ ചിത്രം വ്യക്തമാവുകയാണ്. കഴിഞ്ഞ തവണത്തേതിനെക്കാൾ കുതിപ്പാണ് ഇത്തവണ എൻഡിഎ സഖ്യം നടത്തുന്നത്. കേവലഭൂരിപക്ഷത്തിനായി 122 സീറ്റ് മാത്രമാണ് വേണ്ടത്. എന്നാൽ, 178ഓളം സീറ്റുകളിൽ ഇപ്പോൾ എൻഡിഎ മുന്നിട്ടുനിൽക്കുകയാണ്.
75ലധികം സീറ്റുകളിൽ ജെഡിയു മുന്നേറുകയാണ്. 70ലധികം സീറ്റുകളിൽ ബിജെപിയും മുന്നിട്ടുനിൽക്കുന്നു. മഹാസഖ്യത്തിൽ ആർജെഡിയാണ് മുന്നേറുന്നത്. 60 സീറ്റുകളിൽ ആർജെഡി ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 15 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ 122 സീറ്റുകളിലും മഹാസഖ്യം 114 സീറ്റുകളിലുമാണ് വിജയിച്ചത്. ഇത്തവണ ഇതൊക്കെ തകർക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പാർട്ടിയാണ് ജൻസുരാജ് പാർട്ടി. രാഘോപൂരിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് 893 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ആർജെഡി നേതാവാണ് തേജസ്വി യാദവ്.
വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ എൻഡിഎ മുന്നിലായിരുന്നു. ഇത് കൃത്യമായി നിലനിർത്തി, പലയിടങ്ങളിലും മുന്നേറിയാണ് എൻഡിഎ വമ്പൻ വിജയത്തിലേക്ക് നീങ്ങുന്നത്.
എല്ലാ സ്ട്രോങ് റൂമുകളും പരിസരപ്രദേശങ്ങളും പോലീസിൻ്റെ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞിരുന്നു. സ്ട്രോങ് റൂമുകളിൽ ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 67.13 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
എല്ലാ സ്ട്രോങ് റൂമിലും ത്രിതല സുരക്ഷയുണ്ടെന്ന് ഗയ എസ്എസ്പി ആനന്ദ് കുമാർ പറഞ്ഞു. എല്ലാ പ്രവേശനകവാടങ്ങളും നിർണായക ഇടങ്ങളും പോലീസ് നിയന്ത്രണത്തിലാണ്. മോട്ടോർസൈക്കിൾ ദ്രുതകർമ്മസേന, 200 പട്രോളിംഗ് സംഘങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.