Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
Bihar Women Employment: വനിതാ സംരംഭകർക്കുള്ള ധനസഹായം വർധിപ്പിച്ച് ബീഹാർ. രണ്ട് ലക്ഷം രൂപ വരെ ധനസഹായമാണ് നൽകുക. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു.

നിതീഷ് കുമാർ
ബീഹാറിലെ വനിതാസംരംഭകർക്ക് നൽകിവരുന്ന ധനസഹായത്തിൽ വൻ വർധനവ്. 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആയാണ് തുക വർധിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി നിതീഷ് കുമാർ സർക്കാരാണ് മുഖ്യമന്ത്രി മഹിളാ ഉദ്യമി യോജന പദ്ധതി പ്രകാരം ഘട്ടം ഘട്ടമായുള്ള ധനസഹായം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കുമെന്നും സംസ്ഥാനസർക്കാർ കണക്കുകൂട്ടുന്നു. ഗുണഭോക്താക്കളുടെ പ്രവർത്തനമികവ് വിലയിരുത്തിക്കൊണ്ടാവും ധനസഹായം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10,000 രൂപ കൈപ്പറ്റിയ വനിതകൾക്ക് ആറുമാസമാണ് സമയം. ഈ കാലയളവിന് ശേഷം സംരംഭത്തിന്റെ പുരോഗതി വിലയിരുത്തി ബാക്കി തുക അനുവദിക്കുന്ന രീതിയിലാണ് പദ്ധതി. ഘട്ടം ഘട്ടമായാണ് തുക അനുവദിക്കുക. സംരംഭം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് ആവശ്യാനുസരണം മൊത്തം തുകയും അനുവദിക്കും.
Also Read: Bengaluru Updates: ബെംഗളൂരുവിൽ നിന്ന് പത്ത് വരി പാത, ദേശീയപാത 44-ൻ്റെ ഇടനാഴി, ഇവിടേക്ക്
ഒരു കുടുംബത്തിൽ നിന്നും ചുരുങ്ങിയത് ഒരു വനിതയെയെങ്കിലും സംരംഭകയാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവരെ 1.56 കോടി സ്ത്രീകൾക്ക് ആദ്യഘട്ട ധനസഹായമായ 10,000 രൂപ നൽകിയിട്ടുണ്ട്. ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴിയാണ് ഈ ധനസഹായം നൽകിയത്. ബാക്കിയുള്ള അർഹരായ അപേക്ഷകർക്കും ഉടൻ തന്നെ തുക വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
വനിതാ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വിപണി ഉറപ്പാക്കാനും സർക്കാർ നിർദ്ദേശമുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം നിർമ്മാണ പ്രവർത്തനങ്ങളിൽ വനിതാസംരംഭകരെ പങ്കാളികളാക്കും. സംസ്ഥാനത്തെ പാൽ വിതരണ ശൃംഖലയായ സുധയുടെ വിൽപന കേന്ദ്രങ്ങളുമായും ഇവരെ ബന്ധിപ്പിക്കും. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയായ ‘ദീദി കി റസോയി’യിലും വനിതകൾക്ക് തൊഴിലവസരമുണ്ടാവും.