Arif Mohammed Khan: കോളജ് പ്രിൻസിപ്പൾമാരെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Governor Arif Mohammed Khan: നറുക്കെടുപ്പിലൂടെ കോളജ് പ്രിൻസിപ്പൾമാരെ തിരഞ്ഞെടുത്തതിനുള്ള കാരണം പറഞ്ഞ് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീക്കം വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.

ആരിഫ് മുഹമ്മദ് ഖാൻ
കോളജ് പ്രിൻസിപ്പൾമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തതിൽ വിശദീകരണവുമായി ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനങ്ങളിൽ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും നടക്കാതിരിക്കാനാണ് രാജ് ഭവൻ ഇത്തരം ഒരു രീതി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം ആർക്കും മുൻതൂക്കമുണ്ടാവാതിരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാറ്റ്ന സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലേക്കുള്ള പ്രിൻസിപ്പൾമാരെയാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തത്. നറുക്കെടുത്ത് പ്രിൻസിപ്പൾമാരെ തിരഞ്ഞെടുത്തപ്പോൾ ഒരു ഹോം സയൻസ് ടീച്ചർ പാറ്റ്ന സയൻസ് കോളജ് പ്രിൻസിപ്പളായിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിതെളിയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ വിശദീകരണം.
ഈ മാസം രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങ് വിഡിയോ ദൃശ്യങ്ങളിൽ പകർത്തിയിരുന്നു. മൂന്നംഗ സംഘമാണ് നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചത്. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ ബീഹാർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സർവീസ് കമ്മീഷൻ അർഹമായവരുടെ പേരുകൾ സമർപ്പിക്കുകയായിരുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ പല വമ്പന്മാരും ഉണ്ടായിരുന്നു എന്നാണ് സൂചനകൾ. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കളടക്കമുള്ളവർ ഇതിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പക്ഷപാദിത്വം ഉണ്ടാവാതിരിക്കാൻ ഈ പേരുകളെല്ലാം ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
നറുക്കെടുപ്പിൽ ബാബസാഹെബ് ഭീംറാവു അംബേദ്കർ ബീഹാർ യൂണിവേഴ്സിറ്റിയിലെ ഹോം സയൻസ് ടീച്ചറായിരുന്ന ഡോക്ടർ അൽക യാദവ് പറ്റ്ന സയൻസ് കോളജ് പ്രിൻസിപ്പളായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു നൂറ്റാണ്ടോളം നീണ്ട ചരിത്രത്തിൽ പറ്റ്ന സയൻസ് കോളജിലെ ആദ്യ വനിതാ പ്രിൻസിപ്പളാണ് അൽക യാദവ്. വാണിജ്യ മഹാവിദ്യാലയ കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ആദ്യ വനിതാ പ്രിൻസിപ്പളായി ഡോക്ടർ സുഹെയ്ൽ മെഹ്തയും തിരഞ്ഞെടുക്കപ്പെട്ടു.