Sarita Bhadauria: പ്ലാറ്റ് ഫോമിൽ ഉന്തും തള്ളും; വന്ദേഭാരത് ഫ്ലാഗ് ഓഫിനിടെ ബിജെപി എംഎൽഎ ട്രാക്കിൽ വീണു
Sarita Bhadauria: ആഗ്ര- വരാണസി വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിനിടെയായിരുന്നു സംഭവം. പ്ലാറ്റ് ഫോമിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതോടെ എംഎൽഎ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ലഖ്നൗ: വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫിനിടെ ട്രാക്കിൽ വീണ് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഇറ്റാവ എംഎൽഎ സരിത ബദൗരിയയാണ് ട്രാക്കിൽ വീണത്. ആഗ്ര- വരാണസി വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിനിടെയായിരുന്നു സംഭവം. വൈകീട്ട് ആറ് മണിക്ക് തുന്ദ്‌ല സ്‌റ്റേഷനിൽ ട്രെയിനെത്തിയപ്പോൾ പച്ചക്കൊടി കാട്ടിയ എംഎൽഎ പ്ലാറ്റ്‌ഫോമിലുണ്ടായ തിക്കിനും തിരക്കിനുമിടെയാണ് ട്രാക്കിലേക്ക് വീണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലെെനായി ഉദ്ഘാടനം നിർവ്വഹിച്ചതിന് പിന്നാലെ ആഗ്രയിൽ നിന്ന് കേന്ദ്ര മന്ത്രി രൺവീത് സിംഗ് ബിട്ടുവാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഈ ട്രെയിനിന് മുന്നിലേക്കാണ് 61- കാരിയായ ഇറ്റാവ എംഎൽഎ വീണത്. ട്രാക്കില്ഡ വീണ എംഎൽഎയെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഗുരുതര പരിക്കുകൾ ഇല്ലെന്നും ബിജെപി ഇറ്റാവ യൂണിറ്റ് ട്രഷറർ സഞ്ജീവ് ബദൗരിയ പറഞ്ഞു.
ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി സമാജ് വാദി പാർട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുൻ ബിജെപി എംപി രാം ശങ്കർ, നിലവിലെ എംഎൽഎ സരിത ബദൗരിയ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ഫ്‌ളാഗ് ഓഫിൽ പങ്കെടുക്കാനായി എത്തിയപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രെയിൻ പുറപ്പെടാനായി ഹോൺ മുഴക്കിയതോടെ പ്ലാറ്റ്ഫോമിൽ തിരക്ക് വർദ്ധിച്ചു.
പച്ചക്കൊടി വീശുന്നതിനിടെ എംഎൽഎ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായവരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി. ഉടൻ തന്നെ ട്രാക്കിൽ വീണ എംഎൽഎ റെയിൽവേ പൊലീസ് ആശുപത്രിയിലെത്തിച്ചു. ആഗ്ര- വരാണസി റൂട്ടിൽ സർവ്വീസ് ആരംഭിക്കുന്ന തീയതി റെയിൽ വേ ഉടൻ പുറത്തുവിടും.
Etawah, UP: The flag-off ceremony for the Agra-Varanasi Vande Bharat Express faced chaos due to heavy rush, and BJP’s Etawah Sadar MLA, Sarita Bhadoria, fell in front of the train pic.twitter.com/p10CfbDIF0
— IANS (@ians_india) September 16, 2024
“>
6 വന്ദേ ഭാരത് ട്രെയിനുകളാണ് സെപ്റ്റംബർ 15-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ടാറ്റാനഗർ -പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗൽപുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക. പുതിയ ട്രെയിനുകൾ കൂടി നിരത്തിലിറങ്ങിയതോടെ രാജ്യത്ത് സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം 60 ആയി. രാജ്യത്തെ 280 ജില്ലകളിലൂടെ 120 ട്രിപ്പുകളാണ് ഈ ട്രെയിനുകൾ നടത്തുന്നത്.
2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിനാണ് വന്ദേഭാരത്. യാത്രക്കാർക്ക് വിമാനങ്ങളിലേത് പോലെ അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് ഉറപ്പുവരുത്തന്നത്.