Atishi Marlena: രാജ്യതലസ്ഥാനത്തിന് വീണ്ടും തലെെവി; സിങ്ക പെണ്ണാവാൻ അതിഷി
Atishi Marlena: ഡൽഹിയിലെ പാവപ്പെട്ടവർക്ക് മൊഹല്ല ക്ലിനിക് എന്ന പേരിൽ സൗജന്യ ചികിത്സ കേന്ദ്രം ആരംഭിക്കാനുള്ള ആശയം ഉദിച്ചത് അതിഷിയുടെ തലയിലായിരുന്നു. സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിനും അതിഷി ചുക്കാൻ പിടിച്ചു.
വനിതാ മുഖ്യമന്ത്രിയെന്നത് കേരളത്തിന്റെ സ്വപ്നമായി മാറുമ്പോഴും രാജ്യ തലസ്ഥാനം ഭരിക്കാനൊരുങ്ങുകയാണ് അതിഷി മർലേന എന്ന 43-കാരി. കൽക്കജി നിയോജക മണ്ഡലത്തിലെ എംഎൽഎയായ അതിഷി നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രധാനവകുപ്പുകളുടെ മന്ത്രിയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രിയാകുന്ന അതിഷി, ഷീല ദീക്ഷിതിന് ശേഷം 11 വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയാകുന്ന വനിതയാണ്. നിലവിൽ മമതാ ബാനർജിക്ക് ശേഷം രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന വനിതയും അതിഷിയാണ്.
അണ്ണാഹസാരെയുടെ നേതൃത്വത്തിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോൾ അതിൽ ആദ്യം പങ്കുചേർന്നത് രാജ്യത്തെ മധ്യവർഗമായിരുന്നു. കുംഭകോണങ്ങളുടെ കഥ കേട്ട് മടുത്ത ഇവർക്ക് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിലൂടെ അല്ലാതെ പൊതുരംഗത്തേക്ക് ഇറങ്ങാനുള്ള വേദിയായി ആം ആദ്മി പാർട്ടി മാറി.
India Against Corruption പ്രസ്ഥാനത്തിലേക്ക് ആ ആശയത്തിന്റെ ചുവടുപിടിച്ചെത്തിയ വ്യക്തിയാണ് അതിഷി. ഓക്സ്ഫെഡിലെ പഠനത്തിന് ശേഷം മധ്യപ്രദേശത്തിലെ ഗ്രാമങ്ങളിലെ സാധാരണക്കാർക്കിടയിലേക്ക് സന്നദ്ധ സംഘടന വഴി അതിഷി ഇറങ്ങി. നർമ്മദ്ദ സമരത്തിന്റെ ഭാഗമായുള്ള ജല സത്യാഗ്രഹത്തിലും അതിഷി ഭാഗമായി. അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ പാർട്ടി ഭരണഘടന തയ്യാറാക്കുന്ന സമിതിയിലും അതിഷി ഉണ്ടായിരുന്നു. 2015-ൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ ഒറ്റയ്ക്ക് ഭരിക്കാൻ തീരുമാനിച്ചതിലും അതിഷിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്.
സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ എന്നിവർക്കൊപ്പം മധ്യവർഗത്തെ എഎപിയുടെ ആശയങ്ങളിലേക്ക് പിടിച്ചിരുത്തുന്ന മുഖമായിരുന്നു അതിഷിയുടേത്. പിന്നീട് സാധാരണക്കാരായ ജനങ്ങളെ എഎപിയിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. പാവപ്പെട്ടവർക്ക് മൊഹല്ല ക്ലിനിക് എന്ന പേരിൽ സൗജന്യ ചികിത്സ കേന്ദ്രം ആരംഭിക്കാനുള്ള ആശയം ആദ്യം ഉദിച്ചതും അതിഷിയുടെ തലയിലായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശക എന്ന നിലയ്ക്ക് സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിനും അതിഷി ചുക്കാൻ പിടിച്ചു.
ഡൽഹി സർവ്വകലാശാലയിലെ അധ്യാപകരായിരുന്ന അതിഷിയുടെ മാതാപിതാക്കൾ ഇടതുപക്ഷ ചായ്വ് കാരണമാണ് മാർക്സും ലെനിനും ചേർന്ന പേര് മർലേന മകളുടെ പേരിനൊപ്പം ചേർത്തത്. അതിഷിയുടെ മതത്തെ ചൊല്ലി എതിരാളികൾ വ്യാജ പ്രചാരണം നടത്തിയതോടെ പേരിനൊപ്പമുള്ള വാലും അതിഷി എടുത്തുകളഞ്ഞു. ഡൽഹിയെ നയിക്കാൻ അതിഷിയെന്ന കരുത്തയായ വനിതയെത്തുമ്പോൾ മദ്യനയക്കേസ് മൂലം നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് ആം ആദ്മി പാർട്ടിക്കുള്ളത്.
അതിഷി
ജനനം: 1981 ജൂൺ 8
സ്വദേശം: പഞ്ചാബ്
മാതാപിതാക്കൾ: വിജയ് സിംഗ്- തൃപ്തി വാഹി
വിദ്യാഭ്യാസം: സ്പ്രിംഗ്ഡേൽസ്
ബിരുദം: സെന്റ് സ്റ്റീഫൻസ്
ബിരുദാനന്തര ബിരുദം: ഓക്സ്ഫോഡ് സർവ്വകലാശാല
റിസർച്ച്: മക്ഡാലേൻ കോളേജ്, ഓക്സ്ഫോഡ്