Bullet Train: ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിലെ അത്ഭുതമാവാൻ സൂറത്ത് റെയിൽവേ സ്റ്റേഷൻ; നിർമ്മിതികൊണ്ട് അമ്പരപ്പിക്കുമെന്ന് റിപ്പോർട്ട്
Bullet Train Surat Railway Station: ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിൽ സൂറത്ത് റെയിൽവേ സ്റ്റേഷൻ നിർമ്മിതി കൊണ്ട് അമ്പരപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഗുജറാത്തിലാണ് സൂറത്ത് റെയിൽവേ സ്റ്റേഷൻ.
ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിലെ അത്ഭുതമാവാൻ സൂറത്ത് റെയിൽവേ സ്റ്റേഷൻ. ഗുജറാത്തിലെ സൂറത്തിൽ പണികഴിപ്പിക്കുന്ന സ്റ്റേഷൻ നിർമ്മിതി കൊണ്ട് അമ്പരപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ മുതൽ അഹ്മദാബാദ് വരെയുള്ള ബുള്ളറ്റ് ട്രെയിൻ റൂട്ടിനിടയിലുള്ള സ്റ്റേഷനാണ് സൂറത്ത്. 2027ലാവും ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക.
സൂറത്തിൻ്റെ ലോകപ്രശസ്തമായ വജ്ര വ്യവസായവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ഡിസൈനാവും ഈ സ്റ്റേഷൻ്റേത്. നഗരത്തിൻ്റെ സാമ്പത്തിക സവിശേഷതയും സാംസ്കാരിക പൈതൃകവും ഈ ഡിസൈനിലുണ്ടാവും. അതിനൂതന സൗകര്യങ്ങളോടെ ആധുനിക ഗതാഗതത്തിൻ്റെ കേന്ദ്രമായി ഈ സ്റ്റേഷൻ പ്രവർത്തിക്കും. യാത്രക്കാർ എത്ര അധികമായാലും അവരെ ഉൾക്കൊള്ളാൻ കഴിയുന്ന സൗകര്യം ഈ സ്റ്റേഷനിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
26.3 മീറ്റർ ഉയരമാവും സൂറത്ത് സ്റ്റേഷനുണ്ടാവുക. 58,352 സ്ക്വയർ മീറ്ററിലാവും സ്റ്റേഷൻ പ്രവർത്തിക്കുക. മൂന്ന് നിലകൾ അടങ്ങുന്ന സ്റ്റേഷൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങും സെക്യൂരിറ്റി ചെക്കും. ഒന്നാം നിലയിൽ ലോഞ്ച്, റെസ്റ്റ് റൂം, ടിക്കറ്റ് കേന്ദ്രം, കിയോസ്ക് എന്നിവ. മൂന്നാം നിലയിലാണ് പ്ലാറ്റ്ഫോമുകളുണ്ടാവുക. സ്റ്റേഷൻ്റെ പ്ലാൻ പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. പണി പുരോഗമിക്കുകയാണ്.
508 കിലോമീറ്റർ ദൂരമാണ് മുംബൈ – അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിലുണ്ടാവുക. ജപ്പാനിലെ ഷിങ്കാസെൻ ടെക്നോളജി അനുസരിച്ചാവും നിർമ്മാണം. 300 മുതൽ 320 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ സഞ്ചരിക്കും. മുംബൈ മുതൽ അഹ്മദാബാദ് വരെ രണ്ട് മണിക്കൂറാവും യാത്രാസമയം. സാധാരണ ട്രെയിൻ സർവീസുകളിൽ ഇത് ആറ് മണിക്കൂറാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. മുംബൈ, താനെ, വിഹാർ, വാപി, സൂറത്ത്, വഡോദര, ഭറൂച്ച്, അഹ്മദാബാദ് എന്നിവയാവും പ്രധാന സ്റ്റേഷനുകൾ.