Census 2027: സെൻസസ് 2027: വീടു കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും
Census 2027 Population Enumeration: ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയ ഫെബ്രുവരി 28 വരെ നടക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. അതേസമയം, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും.

Census 2027
ന്യൂഡൽഹി: സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയ ഫെബ്രുവരി 28 വരെ നടക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷം ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. അതേസമയം, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഭവനസന്ദർശനത്തിലൂടെയുള്ള കണക്കെടുപ്പിൽ, ഉദ്യോഗസ്ഥർ 40 ചോദ്യങ്ങൾ ചോദിക്കും. ഇതിൽ 13 എണ്ണം പുതിയതായി ഉൾപ്പെടുത്തിയ ചോദ്യങ്ങളാണ്. ജാതി (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടാത്തവ), മതം, മാതാപിതാക്കളുടെ ജനനസ്ഥലവും ജനനത്തീയതിയും, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, പങ്കാളിയുടെ പേര്, പൗരത്വം, ഡിജിറ്റൽ സാക്ഷരത, സ്ഥിരമായ താമസ വിലാസം, കോവിഡ്-19 വാക്സിനേഷൻ എടുത്ത സ്ഥലം, പാസ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന വിവരം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ പലതും ഇത്തവണ ആദ്യമായി ഉൾപ്പെടുത്തിയ ചോദ്യങ്ങളാണ്.
ALSO READ: ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരവും ആദ്യമായിട്ടാണ് വരുന്നത്. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തുന്ന സെൻസസും ഇത്തവണത്തേതായിരിക്കും.
സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയാക്കിയ മുറയ്ക്കാണ് അടുത്തത് ആരംഭിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കാനുള്ള സാധ്യതയുണ്ട്. നവംബർ 16 മുതൽ 2027 ജനുവരി 5 വരെ ഈ സംസ്ഥാനങ്ങളിൽ സെൻസസ് നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ, ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും സെപ്റ്റംബർ 30-ഓടെ ഈ നടപടി പൂർത്തിയായി.
മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 2027 മാർച്ച് ഒന്ന് മുതൽ മാർച്ച് അഞ്ച് വരെ വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.
English Summary:
Population Enumeration, the second and penultimate phase of Census 2027, will commence on January 10, 2027, across the country. The door-to-door enumeration will begin January 25 and will end on February 28.