Pakistan Suicide Bomb Attack: ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യ, പാക് വാദം തള്ളി കേന്ദ്രം
ശനിയാഴ്ചയാണ് പാകിസ്ഥാൻ്റെ ഖൈബർ പഖ്തുൻഖ്വയിലെ വടക്കൻ വസീറിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ ഇടിച്ചുകയറ്റിയത്. 13 സൈനികരാണ് സംഭവത്തിൽ മരിച്ചത്
ന്യൂഡൽഹി : 13 സൈനികരുടെ മരണത്തിനിടയാക്കിയ വസീരിസ്ഥാൻ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് സൈന്യത്തിൻ്റെ വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ്റെ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ നിരസിക്കുന്നുവെന്നും, ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാൻ തന്ത്രം വിലപ്പോവില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ചയാണ് പാകിസ്ഥാൻ്റെ ഖൈബർ പഖ്തുൻഖ്വയിലെ വടക്കൻ വസീറിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ ഇടിച്ചുകയറ്റിയത്. 13 സൈനികരാണ് സംഭവത്തിൽ മരിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനുമായി ബന്ധമുള്ള അസ്വാദ്-ഉൽ-ഹാർബ് ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.
Statement regarding Pakistan
🔗 : https://t.co/oQyfQiDYpr pic.twitter.com/cZkiqY1ePu
— Randhir Jaiswal (@MEAIndia) June 28, 2025
നേരത്തെ തെക്കൻ വസീരിസ്ഥാനിൽ ഇൻ്റലിജൻസ് അധിഷ്ഠിത ഓപ്പറേഷനിൽ (ഐബിഒ) രണ്ട് സൈനികർ കൊല്ലപ്പെടുകയും 11 തീവ്രവാദികളെ വധിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചാവേർ ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
2021 ൽ കാബൂളിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ അക്രമം വർദ്ധിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഖൈബർ പഖ്തുൻഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ ഗ്രൂപ്പുകൾ ഈ വർഷം ആദ്യം മുതൽ നടത്തിയ ആക്രമണങ്ങളിൽ 290 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.