Project Cheetah: പ്രോജക്ട് ചീറ്റ രണ്ടാം ഘട്ടത്തിലേക്ക്? അതിജീവനം എങ്ങനെ
Project Cheetah In India: വന്യതയുടെ സ്വാഭാവിക അന്തരീക്ഷത്തിലേക്ക് ചീറ്റകൾ ഇഴുകിച്ചേർന്നതോടെ ചീറ്റ പ്രോജക്ട് പൂർണവിജയത്തിലെത്തി നിൽക്കുകയാണ്. ഇന്നിതാ ചീറ്റ പ്രോജക്ട് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇന്ത്യൻ കാടുകളിൽനിന്ന് അപ്രത്യക്ഷമായ ചീറ്റപ്പുലികളെ തിരികെയെത്തിച്ച പദ്ധതിയാണ് ‘പ്രോജക്ട് ചീറ്റ’. വന്യതയുടെ സ്വാഭാവിക അന്തരീക്ഷത്തിലേക്ക് ചീറ്റകൾ ഇഴുകിച്ചേർന്നതോടെ ചീറ്റ പ്രോജക്ട് പൂർണവിജയത്തിലെത്തി നിൽക്കുകയാണ്. ഇന്നിതാ ചീറ്റ പ്രോജക്ട് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആവാസ വ്യവസ്ഥയുടെ വികാസം മുതൽ, അന്താരാഷ്ട്ര പങ്കാളിത്തം തുടങ്ങി നിരവധി കടമ്പകളിലൂടെയാണ് രാജ്യം ഇപ്പോൾ നേട്ടം കൈവരിച്ചിരിക്കുന്നത്.
2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നാണ് ആദ്യമായി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എട്ട് ചീറ്റപ്പുലികളെ എത്തിച്ചത്. ഈ പദ്ധതി വിജയത്തിലെത്തിയതോടെ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ടെണ്ണത്തെ കൂടി കൊണ്ടുവന്നു. ആദ്യ നാളുകളിൽ അവയെ ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും അതിജീവിക്കുന്നതിനുമായി പ്രത്യേകം നിർമ്മിച്ച പാർപ്പിടത്തിൽ താമസിപ്പിച്ചു. പിന്നീട് അവയെ വിശാലമായ കാട്ടിലേക്ക് ഒന്നൊന്നായി തുറന്നുവിടുകയും ചെയ്തു.
ഇതിനിടെ ഇവ ഇണചേര്‍ന്നു. അങ്ങനെ ഇന്ത്യന്‍മണ്ണില്‍ 17 ചീറ്റക്കുഞ്ഞുങ്ങളാണ് പിറന്നുവീണത്. ഇന്ത്യയിലെത്തിച്ച 20 ചീറ്റകളില്‍ 12 എണ്ണവും കാലാവസ്ഥയോടും പരിസ്ഥിതിയോടും ഇണങ്ങിയതോടെ പ്രോജക്ട് ചീറ്റ പൂർണ വിജയത്തിലെത്തി. ബാക്കിയുള്ള എട്ടെണ്ണം പലകാരണങ്ങളാല്‍ ചത്തു. അക്കൂട്ടത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങളും ചത്തു. നിലവിൽ ഇന്ത്യയിൽ പിറന്നുവീണ കുഞ്ഞുങ്ങളടക്കം 32 ചീറ്റപ്പുലികളാണ് ഇന്ത്യയിലുള്ളത്.
അതിനിടെ ഇന്ത്യയിൽ തന്നെ ജനിച്ചുവീണ മുഖി എന്ന പെൺ ചീറ്റപ്പുലി അടുത്തിടെ അഞ്ച് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. പ്രോജക്ട് ചീറ്റ പ്രഖ്യാപിച്ചപ്പോൾ പല വിമർശനങ്ങളും സംശയങ്ങളുമാണ് വിവിധ മേഖലകളിൽ നിന്ന് ഉരിത്തിരിഞ്ഞത്. അവയുടെ അതിജീവനം മുതൽ ആവാസവ്യവസ്ഥയുടെ വികാസത്തെ വരെ ചോദ്യം ചെയ്ത് നിരവധി പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തി. എന്നാൽ ഇന്നിപ്പോൾ ഈ ചോദ്യങ്ങളുടെയെല്ലാം മറുപടിയാണ് പ്രോജക്ട് ചീറ്റയുടെ അടുത്ത ഘട്ടമെന്നത്.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെനിയ, ബോട്സ്വാന, നമീബിയ തുടങ്ങിയ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണ്. ഇന്ത്യയിലെ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് 61 ശതമാനത്തിലധികമാണ്, ഇത് 40 ശതമാനം എന്ന ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നത് പുതിയ ഘട്ടം ആരംഭിക്കാനുള്ള വഴി തുറന്നുകാട്ടുകയായിരുന്നു.