AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Passport Service: ബെംഗളൂരുവില്‍ ഇനി എന്തെളുപ്പം; പാസ്‌പോര്‍ട്ട് കിട്ടാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട

Bengaluru Passport Mobile Van Service: ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് ഒരു മൊബൈൽ പാസ്‌പോർട്ട് വാൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ തിരക്ക്‌ ഒഴിവാക്കുകയാണ് ലക്ഷ്യം

Bengaluru Passport Service: ബെംഗളൂരുവില്‍ ഇനി എന്തെളുപ്പം; പാസ്‌പോര്‍ട്ട് കിട്ടാന്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട
Passport
jayadevan-am
Jayadevan AM | Updated On: 04 Dec 2025 13:31 PM

ബെംഗളൂരു: ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (ആർ‌പി‌ഒ) മൊബൈൽ പാസ്‌പോർട്ട് വാൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കുകയാണ് ലക്ഷ്യം. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, മുതിർന്ന പൗരന്മാർക്കും, പാസ്‌പോർട്ട് സംബന്ധമായ കാര്യങ്ങള്‍ക്കായി അവധിയെടുത്ത് വരുന്നവര്‍ക്കും പുതിയ പദ്ധതി കൂടുതല്‍ സഹായകരമാകും. യെലഹങ്കയിലെ എൻഇഎസ് ഓഫീസ് റോഡിലുള്ള മിനി വിധാന സൗധയിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും.

മൊബൈല്‍ വാന്‍ സര്‍വീസിലൂടെ ഒരു ദിവസം 50 അപേക്ഷകള്‍ വരെ കൈകാര്യം ചെയ്യാനാകും. ഇത് ക്രമേണ കര്‍ണാടക മുഴുവന്‍ നടപ്പിലാക്കാനാണ് നീക്കം. പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ തിരക്ക് ശ്രദ്ധയില്‍പെട്ടതായും, ഇത് പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് മൊബൈല്‍ വാന്‍ സര്‍വീസ് എന്നും ആര്‍പിഒ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആദ്യം പദ്ധതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കും. പ്രതികരണം മികച്ചതെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ പരിമിതമായ ശേഷിയിലാണ് മൊബൈല്‍ വാനുകള്‍ പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ കൗണ്ടറുകള്‍ക്ക് ബദലായി ഇത് പ്രവര്‍ത്തിക്കും. പൈലറ്റ് പദ്ധതി വിജയകരമായാല്‍ ജനങ്ങളുടെ ആവശ്യം അനുസരിച്ച് ഇത് വ്യാപിപ്പിക്കും.

Also Read: Namma Metro: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍; ബിഇഎംഎലിന് 414 കോടിയുടെ ഓര്‍ഡര്‍

ആധാർ, പാൻ പോലുള്ള രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ഡിജിലോക്കർ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആര്‍പിഒ ആലോചിക്കുന്നുണ്ട്. അതുവഴി നഗരത്തിലെ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ നടപടിക്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകരുടെ സമയം ലാഭിക്കാനും ഇതുവഴി സാധിക്കും.

പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ അപേക്ഷ സമർപ്പിക്കുന്ന സമയത്ത്, അപേക്ഷകരോട് ഡിജിലോക്കർ പരിശോധനയ്ക്ക് സമ്മതം നൽകാൻ ആവശ്യപ്പെടും. അപേക്ഷകരുടെ സമയം ലാഭിക്കാനും സഹായിക്കുമെന്ന് ആര്‍പിഒ വൃത്തങ്ങള്‍ വ്യക്തമാക്കി.