Viral News: കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് കെമിസ്ട്രി പ്രൊഫസര്‍, ഒടുവില്‍
Mamta Pathak Case: നിങ്ങള്‍ കെമിസ്ട്രി പ്രൊഫസറാണോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മംമ്തയുടെ മറുപടി. മംമ്ത കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇവര്‍ കള്ളം പറയുകയാണെന്ന് കോടതിക്ക് ബോധ്യമായി
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ സ്വയം വാദിച്ച് മുന്‍ കെമിസ്ട്രി പ്രൊഫസര്‍. ശാസ്ത്രത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാമെന്നായിരുന്നു മുന്‍ പ്രൊഫസറായ മംമ്ത പഥക്കിന്റെ ധാരണ. പക്ഷേ, എല്ലാം പൊളിഞ്ഞു.കൊലക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കാഞ്ഞ ബുദ്ധി ഉപയോഗിച്ചെങ്കിലും കോടതിക്ക് മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞു. ഒടുവില്‍ ജീവപര്യന്തം തടവിന് പ്രതിയെ ശിക്ഷിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് സംഭവം നടന്നത്. ജില്ലാ കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മംമ്തയുടെ ഭര്‍ത്താവായിരുന്ന ഡോക്ടര്‍ നീരജ് പഥക്കിനെ 2021ലാണ് വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ മംമ്തയാണെന്ന് പിന്നീട് കണ്ടെത്തി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതാഘാതമേറ്റാണ് നീരജ് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ അന്വേഷണസംഘത്തില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് മംമ്തയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
മെഡിക്കൽ റിപ്പോർട്ടുകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ജില്ലാ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ പിന്നീട് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പരിപാലിക്കുന്നതിനായി മംമ്തയ്ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ഈ കാലയളവിൽ, ജില്ലാ കോടതിയുടെ വിധിക്കെതിരെ അവർ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിൽ അപ്പീൽ നൽകി. തുടര്‍ന്ന് സ്വയം വാദിക്കാനും തീരുമാനിച്ചു.
ശാസ്ത്രത്തെ കൂട്ടുപിടിച്ചായിരുന്നു മംമ്തയുടെ വാദം. പൊള്ളിച്ചാലും, വൈദ്യുതാഘാതമേറ്റാലും രണ്ട് പൊള്ളലുകളും ഒരു പോലെ തോന്നാമെന്നും, കെമിക്കല്‍ അനാലിസിസിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂവെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. ഇത് കേട്ട് കോടതി അമ്പരന്നു.
നിങ്ങള്‍ കെമിസ്ട്രി പ്രൊഫസറാണോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മംമ്തയുടെ മറുപടി. മംമ്ത കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇവര്‍ കള്ളം പറയുകയാണെന്ന് കോടതിക്ക് ബോധ്യമായി. തുടര്‍ന്ന് ജീവപര്യന്തം തടവ് ശരിവയ്ക്കുകയായിരുന്നു. വാദം കേള്‍ക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.