Chennai Metro: വടപളനി – പൂനമല്ലി മെട്രോ പാത അടുത്തമാസം തുറക്കും; ഗതാഗത കുരുക്കേ വിട
Chennai Metro Expands : ജനുവരിയിലെ പരിശോധനകൾ തൃപ്തികരമാണെങ്കിൽ ഫെബ്രുവരി പകുതിയോടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് മെട്രോ പ്രോജക്ട് ഡയറക്ടർ ടി. അർജുനൻ വ്യക്തമാക്കി.
ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകി മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിലെ പ്രധാന പാതയായ വടപളനി – പൂന്തമല്ലി റൂട്ടിൽ ഫെബ്രുവരി മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. വടപളനി മുതൽ പൂന്തമല്ലി വരെയുള്ള 16 കിലോമീറ്റർ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ
വടപളനി മുതൽ പൂന്തമല്ലി വരെ ഏകദേശം 16 കിലോമീറ്റർ ആണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പാതയിലെ റെയിൽവേ ട്രാക്ക് നിർമ്മാണം പൂർത്തിയായി. ട്രെയിൻ എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി നടന്നു. സാങ്കേതിക രൂപകൽപ്പന സംബന്ധിച്ച സർട്ടിഫിക്കറ്റും മെട്രോ അധികൃതർക്ക് ലഭിച്ചുകഴിഞ്ഞു.
റെയിൽവേ സുരക്ഷാ കമ്മീഷന്റെ (CMRS) അന്തിമ അനുമതിക്കായി മെട്രോ ഭരണകൂടം അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരി അവസാന വാരത്തിൽ ബംഗളൂരുവിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ട്രാക്കുകളുടെ ഗുണനിലവാരവും സുരക്ഷയും നേരിട്ട് പരിശോധിക്കും.
യാത്രക്കാർക്ക് എങ്ങനെ ഉപകരിക്കും?
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ മൂന്നാം ഇടനാഴിയുടെ (ലൈറ്റ് ഹൗസ് – പൂന്തമല്ലി) ഭാഗമാണിത്. നിലവിൽ വടപളനി മെട്രോ സ്റ്റേഷൻ പ്രവർത്തനസജ്ജമാണ്. പുതിയ പാത തുറക്കുന്നതോടെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ളവർക്ക് മെട്രോ ശൃംഖലയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. ജനുവരിയിലെ പരിശോധനകൾ തൃപ്തികരമാണെങ്കിൽ ഫെബ്രുവരി പകുതിയോടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് മെട്രോ പ്രോജക്ട് ഡയറക്ടർ ടി. അർജുനൻ വ്യക്തമാക്കി.