Special train: പൊങ്കൽ തുണച്ചു, കേരളത്തിൽ നിരവധി സ്റ്റോപ്പുമായി ബെംഗളൂരു – കൊല്ലം സ്പെഷ്യൽ ട്രെയിൻ
Bengaluru-Kollam Special Trains: മടക്കയാത്രകൾ കൃത്യമായി പ്ലാൻ ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ഐടി ജീവനക്കാർക്കും മറ്റും വ്യാഴാഴ്ച രാവിലെ ഓഫീസുകളിൽ എത്താൻ പാകത്തിലാണ് ബെംഗളൂരു ട്രെയിനിന്റെ സമയം നിശ്ചയിച്ചിട്ടുള്ളത്. ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കുന്നതാണ്.
ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലൂടെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു – കൊല്ലം, മംഗളൂരു – ചെന്നൈ റൂട്ടുകളിലാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ബെംഗളൂരു – കൊല്ലം – ബാംഗ്ലൂർ കന്റോൺമെന്റ് സ്പെഷ്യൽ സർവ്വീസാണ് ഇതിൽ പ്രധാനം. ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ഈ ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ബെംഗളൂരു – കൊല്ലം സർവ്വീസ് ജനുവരി 13, ചൊവ്വാഴ്ച രാത്രി 11ന് എസ്.എം.വി.ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്, പിറ്റേദിവസം വൈകുന്നേരം 4ന് കൊല്ലത്തെത്തും. കൊല്ലം – ബാംഗ്ലൂർ കന്റോൺമെന്റ് സർവ്വീസ് ജനുവരി 14 ബുധനാഴ്ച വൈകുന്നേരം 6:30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട്, പിറ്റേദിവസം രാവിലെ 10:30-ന് ബാംഗ്ലൂർ കന്റോൺമെന്റിൽ എത്തും.
കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകൾ എന്നിവ ലഭ്യമാണ്.
മംഗളൂരു ജങ്ഷൻ – ചെന്നൈ സെൻട്രൽ സ്പെഷ്യൽ
മലബാർ മേഖലയിലുള്ളവർക്ക് ചെന്നൈയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ഈ ട്രെയിൻ ഉപകരിക്കും. മംഗളൂരു – ചെന്നൈ ജനുവരി 13 ചൊവ്വാഴ്ച പുലർച്ചെ 03:10-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 11:30-ന് ചെന്നൈയിലെത്തും. ചെന്നൈ – മംഗളൂരു ജനുവരി 14-ന് ബുധനാഴ്ച പുലർച്ചെ 04:15-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11:30-ന് മംഗളൂരുവിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ്
കേരളത്തിലെ സ്റ്റോപ്പുകൾ.
Also read – വടപളനി – പൂനമല്ലി മെട്രോ പാത അടുത്തമാസം തുറക്കും; ഗതാഗത കുരുക്കേ വിട
മടക്കയാത്രകൾ കൃത്യമായി പ്ലാൻ ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ഐടി ജീവനക്കാർക്കും മറ്റും വ്യാഴാഴ്ച രാവിലെ ഓഫീസുകളിൽ എത്താൻ പാകത്തിലാണ് ബെംഗളൂരു ട്രെയിനിന്റെ സമയം നിശ്ചയിച്ചിട്ടുള്ളത്. ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കുന്നതാണ്.