Chennai Metro: ചെന്നൈ മെട്രോ കോയമ്പേട്-ബട്ട് റോഡ് പാത ജൂണില്‍ തുറക്കും
Koyambedu Butt Road Metro Line Service: വിരുഗമ്പാക്കം, മണപ്പാക്കം, രാമപുരം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പാത. 12 കിലോമീറ്റാണ് കോയമ്പേട് മുതല്‍ ബട്ട് റോഡ് വരെയുള്ള ഈ പാതയുടെ ദൈര്‍ഘ്യം.
ചെന്നൈ: ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ആറ് മാസത്തിനുള്ളില്‍ കോയമ്പേട് മുതല്‍ ബട്ട് റോഡ് വരെയുള്ള പാത യാത്രക്കായി തുറന്നുകൊടുക്കും. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു വര്‍ഷം മുമ്പാണ് ഇപ്പോള്‍ പാത തുറക്കാന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ഒരുങ്ങുന്നത്.
വിരുഗമ്പാക്കം, മണപ്പാക്കം, രാമപുരം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പാത. 12 കിലോമീറ്റാണ് കോയമ്പേട് മുതല്‍ ബട്ട് റോഡ് വരെയുള്ള ഈ പാതയുടെ ദൈര്‍ഘ്യം. കമ്മീഷന്‍ ചെയ്യുന്നതിനായി ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ പാതയില്‍ 13 എലിവേറ്റഡ് സ്റ്റേഷനുകളാണുള്ളത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ മാധവരം-ഷോലിംഗനല്ലൂര്‍ പാതയുടെ കോറിഡോര്‍ അഞ്ചിന്റെ ഭാഗമാണിത്. 2027 ജൂണിലായിരുന്നു ഈ പാതയുടെ ഉദ്ഘാടനം ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ ആറ് മാസത്തിനുള്ളില്‍ എല്ലാ പണികളും പൂര്‍ത്തിയാകുമെന്ന് മെട്രോ റെയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read: Chennai Metro: പൂനമല്ലി-വടപളനി മെട്രോ സര്‍വീസുകള്‍ക്ക് തുടക്കം; രണ്ടാം ഘട്ടത്തിന് അനുമതി
ആദ്യ ഘട്ടത്തിലെ രണ്ടാമത്തെ പാതയായ പൂനമല്ലി ബൈപാസ്-വടപളനി സര്‍വീസുകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 14.5 കിലോമീറ്ററാണ് ഈ പാതയുടെ നീളം. കോയമ്പേട്-ബട്ട് റോഡ്, വടപളനി-പൂനമല്ലി ലൈനുമായി നാല് ഡബിള്‍ ഡക്കര്‍ സ്റ്റേഷനുകളായ അല്‍വാര്‍തിരുനഗര്‍, വാലസരവാക്കം, കരമ്പാക്കം, ആലപ്പാക്കം എന്നിവിടങ്ങളെ ബന്ധിപ്പിക്കും.
പുതിയ പാതകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി, ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും. ചെന്നൈയിലെ ഗതാഗത കുരുക്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇത് പരിഹരിക്കാന്‍ ഒരു പരിധിവരെ മെട്രോയ്ക്ക് സാധിക്കും.