Chennai Metro: പൂനമല്ലി-വടപളനി മെട്രോ സര്‍വീസുകള്‍ക്ക് തുടക്കം; രണ്ടാം ഘട്ടത്തിന് അനുമതി
Chennai Metro Poonamallee Vadapalani Train Service: ഈ പാതയിലെ രണ്ടാം ഘട്ടത്തില്‍ സ്റ്റേഷന്‍ സൗകര്യങ്ങളും യാത്രക്കാര്‍ക്കായുള്ള മറ്റ് സൗകര്യങ്ങളും വിലയിരുത്തുന്നതിനുള്ള അന്തിമഘട്ട സിഎംആര്‍എസ് പരിശോധന ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് വിവരം.
ചെന്നൈ: മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി അധികൃതര്‍. പൂനമല്ലി-വടപളനി പാതയിലേക്കുള്ള രണ്ടാം ഘട്ട ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. ഫെബ്രുവരി മുതല്‍ പാത യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. ഇനി ഈ പാതയ്ക്ക് ലഭിക്കേണ്ടത് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി മാത്രമാണ്.
പൂനമല്ലി ബൈപാസിനും വടപളനിക്കും ഇടയിലുള്ള 15.8 കിലോമീറ്റര്‍ പാത ഫെബ്രുവരിയില്‍ തുറക്കാനാണ് സിഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. പൂനമല്ലി ബൈപാസ്-പോരൂര്‍ ജങ്ഷന്‍ പാത ജനുവരി അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനും സിഎംആര്‍എല്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നീട് ഇത് വടപളനിയിലേക്കും ദീര്‍ഘിപ്പിക്കാനാണ് തീരുമാനം.
ഈ പാതയിലെ രണ്ടാം ഘട്ടത്തില്‍ സ്റ്റേഷന്‍ സൗകര്യങ്ങളും യാത്രക്കാര്‍ക്കായുള്ള മറ്റ് സൗകര്യങ്ങളും വിലയിരുത്തുന്നതിനുള്ള അന്തിമഘട്ട സിഎംആര്‍എസ് പരിശോധന ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് വിവരം. പോരൂര്‍ ജങ്ഷനും വടപളനിക്കും ഇടയില്‍ ഏകദേശം 2 കിലോമീറ്റര്‍ ട്രാക്ക് പുനസ്ഥാപിക്കുക, മുകളിലേക്കും താഴേക്കുമുള്ള ലൈനുകള്‍ക്കിടയില്‍ തുല്യമായ വിഭജനം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങള്‍ക്ക് സിഎംആര്‍എല്‍ പ്രഥമ പരിഗണന നല്‍കിയിരുന്നു.
Also Read: Chennai Metro: ചെന്നൈ മെട്രോയിൽ ഇനി വനിതകൾ കൂടുതൽ സുരക്ഷിതർ, പുതിയ നടപടി ഇതാ
അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കുമുള്ള സീറ്റുകള്‍ ദുരുരപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന് നിര്‍ദേശം നല്‍കി. ട്രെയിനുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനാണ് നിര്‍ദേശം.
പ്രായമായ യാത്രക്കാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിബിആര്‍ മേനോന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകമന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.