Chennai Metro: വടപളനി മെട്രോ ഇനി വെറുമൊരു സ്റ്റേഷനല്ല; അടിമുടി മാറ്റാൻ ചെന്നൈ മെട്രോ
Chennai Metro Update: വടപളനി - പൂനമല്ലി റൂട്ടിലെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത ഫെബ്രുവരിയിൽ ഈ പുതിയ സ്റ്റേഷൻ തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും അവസരമൊരുങ്ങുന്നതോടെ ചെന്നൈയിലെ തിരക്കേറിയ ഷോപ്പിംഗ് കേന്ദ്രമായി വടപളനി മെട്രോ മാറും.
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വടപളനി മെട്രോ സ്റ്റേഷനിൽ വൻ മാറ്റങ്ങൾ വരുന്നു. കേവലം യാത്രക്കാർക്കുള്ള ഇടം എന്നതിലുപരി, വടപളനി സ്റ്റേഷൻ നഗരത്തിലെ ഒരു പ്രധാന ‘ഷോപ്പിംഗ് പ്ലാസ’യായി മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചെന്നൈ മെട്രോയുടെ പുതിയ ശൃംഖലയിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾക്കായി മാത്രം ഒരു പ്രത്യേക ഫ്ലോർ നീക്കിവെക്കുന്ന ഏക സ്റ്റേഷനാണ് വടപളനി. എഞ്ചിനീയറിംഗ് പരിമിതികൾ കാരണം സ്റ്റേഷന്റെ ഉയരം 25 മീറ്ററായി വർദ്ധിപ്പിച്ചതോടെയാണ് ഇത്തരമൊരു അധിക ഫ്ലോർ നിർമ്മിക്കാൻ സാധിച്ചത്.
യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വൈവിധ്യമാർന്ന കടകളും ഭക്ഷണശാലകളും ആസ്വദിക്കാൻ സാധിക്കും. ഇതിനുശേഷമായിരിക്കും ടിക്കറ്റ് കൗണ്ടറുകളിലേക്കും പ്ലാറ്റ്‌ഫോമുകളിലേക്കും പ്രവേശിക്കുക. നിലവിലുള്ള ഒന്നാം ഘട്ട വടപളനി മെട്രോ സ്റ്റേഷനുമായി പുതിയ സ്റ്റേഷനെ ബന്ധിപ്പിക്കാൻ സ്കൈവാക്ക് നിർമ്മിക്കും. ഇത് യാത്രക്കാർക്ക് സ്റ്റേഷന് പുറത്തിറങ്ങാതെ തന്നെ രണ്ട് പാതകളിലേക്കും മാറാൻ സഹായകമാകും.
ALSO READ: ഏഴ് നിലകളിൽ ഷോപ്പിങ് – ഐടി ഹബ്ബ് വരുന്നു; വമ്പൻ പദ്ധതികളുമായി ചെന്നൈ മെട്രോ
കൂടാതെ, സ്റ്റേഷന് സമീപം 12 നിലകളുള്ള ഒരു വലിയ സമുച്ചയവും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നിർമിക്കുന്നതാണ്. ഇതിൽ ഓഫീസ് സ്പേസുകൾ, ഐടി ഹബ്ബുകൾ, ആനിമേഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടുമെന്നാണ് വിവരം. വടപളനിയിലെ ആർക്കോട്ട് റോഡിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ സംവിധാനത്തെ കൂടുതൽ ആകർഷകമാക്കുക എന്നതാണ് ഈ പ്ലാസയുടെ ലക്ഷ്യം.
വടപളനി – പൂനമല്ലി റൂട്ടിലെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത ഫെബ്രുവരിയിൽ ഈ പുതിയ സ്റ്റേഷൻ തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും അവസരമൊരുങ്ങുന്നതോടെ ചെന്നൈയിലെ തിരക്കേറിയ ഷോപ്പിംഗ് കേന്ദ്രമായി വടപളനി മെട്രോ മാറും.