Chennai Weather: എന്റമ്മേ എന്തൊരു ചൂടാ….മെട്രോ നഗരത്തിൽ ചുറ്റുന്നവർ കുടയെടുത്തോണേ
Chennai Weather Update: ഏപ്രിൽ 21, 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഇന്ന് മുതൽ 23 വരെ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില സാധാരണയേക്കാൾ 2-3°C കൂടുതലായിരിക്കാം.
കേരളത്തോടൊപ്പം അയൽസംസ്ഥാനമായ തമിഴ്നാട്ടിലും കാലാവസ്ഥ വില്ലനാവുകയാണ്. തിരഞ്ഞെടുപ്പ് ചൂടിനൊപ്പം താപനിലയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 12 ഇടങ്ങളിൽ താപനില 100°F കടന്നിരുന്നു. എന്നാൽ, ആശ്വാസമഴ സാധ്യതയും തള്ളിക്കളയാനാകില്ല. ഏപ്രിൽ 21 വരെ നഗരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കരൂറിൽ 106°F, വെല്ലൂരും ഈറോഡും 104°F, തിരുപ്പൂർ, ധർമ്മപുരി, മധുര വിമാനത്താവളം എന്നിവിടങ്ങളിൽ 102°F , തിരുച്ചിയിലും നാമക്കലിലും 102°F, കോയമ്പത്തൂർ, മധുര, പാളയംകോട്ടൈ, സേലം എന്നിവിടങ്ങളിൽ 101°F എന്നിങ്ങനെയായിരുന്നു താപനില.
അതേസമയം, ചൂടിൽ വലയുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്കും ഉഷ്ണതരംഗത്തിനും സാധ്യതയുള്ളതായും പ്രവചനമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 0.9 കിലോമീറ്റർ ഉയരത്തിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. വടക്കൻ ഉൾനാടൻ കർണാടകയിൽ നിന്ന് ആരംഭിച്ച് തെക്കൻ കർണാടക, തമിഴ്‌നാട് വഴി മാന്നാർ ഉൾക്കടൽ വരെ ന്യൂനമർദം വ്യാപിച്ചതിനാൽ 21 വരെ മഴ പ്രതീക്ഷിക്കാവുന്നതാണ്. പശ്ചിമഘട്ട ജില്ലകളിലും തെക്കൻ തീരപ്രദേശങ്ങളിലും നേരിയ മഴ ലഭിക്കുമെന്നും തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ALSO READ: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം
ഏപ്രിൽ 21, 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഇന്ന് മുതൽ 23 വരെ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില സാധാരണയേക്കാൾ 2-3°C കൂടുതലായിരിക്കാം. എന്നിരുന്നാലും, തീരദേശ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ സാധാരണ താപനിലയായിരിക്കും.
പുതുച്ചേരി, കാരക്കൽ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ഉയർന്ന ചൂടും ഈർപ്പവും കൂടിച്ചേർന്ന അന്തരീക്ഷമായിരിക്കും. ചെന്നൈയിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പരമാവധി താപനില 36-37°C ഉം കുറഞ്ഞത് 27°C ഉം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഉയർന്ന ചൂടും ഈർപ്പവും കാരണം ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.