AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: 24 വരെ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റും; മെട്രോ നഗരത്തിലെ കാലാവസ്ഥ ഇങ്ങനെ

Chennai Weather Update Today: കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത നാല് ദിവസങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Chennai Weather: 24 വരെ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റും; മെട്രോ നഗരത്തിലെ കാലാവസ്ഥ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 20 Jul 2026 | 02:41 PM

ചെന്നൈ: തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 24 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതു മുതൽ ഇടത്തരം വരെയുള്ള മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്.

മഴ മുന്നറിയിപ്പ്

വടക്കൻ തമിഴ്‌നാട് തീരപ്രദേശത്ത് അന്തരീക്ഷത്തിന്റെ താഴ്ന്ന നിലയിൽ ഒരു ദുർബലമായ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഇതിന്റെ സ്വാധീനത്തിൽ, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉടനീളമുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ജൂലൈ 23 വരെ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ജൂലൈ 24 ന് പശ്ചിമഘട്ട ജില്ലകളിലും വടക്കൻ തീരദേശ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബാക്കിയുള്ള പ്രദേശങ്ങളിൽ നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ALSO READ: 6 കോച്ചുകളുള്ള പുതിയ ട്രെയിനുകൾ വരുന്നു; പുതിയ പദ്ധതികളുമായി സിഎംആർഎൽ

ചെന്നൈയ്ക്ക് പുറമെ അയൽ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത നാല് ദിവസങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കനത്ത ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

താപനില ഉയർന്നേക്കും

വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ പല സ്ഥലങ്ങളിലും പകൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചേക്കാം. ഇത് ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻനിർത്തി ചെന്നൈ കോർപ്പറേഷൻ അധികൃതർ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ യാത്ര ചെയ്യുന്നവരും ജോലിക്ക് പോകുന്നവരും കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നഗരത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും, മാന്നാർ ഉൾക്കടലിലും, കന്യാകുമാരി കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

English Summary:

India Meteorological Department has forecast unsettled weather for Chennai and several parts of Tamil Nadu until July 24, with light rain, thunderstorms, lightning, and strong gusty winds expected at isolated locations. Chennai is likely to experience partly cloudy skies with brief spells of rain, particularly during the evening and night.

Follow Us