Chhattisgarh Student Death: ‘മമ്മീ, പപ്പാ, സോറി…നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എനിക്ക് കഴിയില്ല’; എൻജിനീയറിങ് വിദ്യാർഥിനി മരിച്ചനിലയിൽ
Chhattisgarh Engineering Student Death: പ്രിൻസിക്ക് ആദ്യ സെമസ്റ്ററിൽ അഞ്ച് വിഷയങ്ങൾക്ക് സപ്ലി ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇതിനിടെ ആദ്യ സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകൾക്കൊപ്പം നിലവിലെ സെമസ്റ്ററിലെ പരീക്ഷകളും എഴുതേണ്ടിവന്നത് കൂടുതൽ സമ്മർദ്ദമുണ്ടാക്കി.

Chhattisgarh Student Death
റായ്പുർ: ഛത്തീസ്ഗഢിൽ എൻജിനീയറിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ (Engineering Student Death). ജംഷേദ്പുർ സ്വദേശിനിയായ പ്രിൻസി കുമാരി (20) യയാണ് ആത്മഹത്യ ചെയ്തത്. പുൻജിപാത്രയിലെ കോളേജ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒ പി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയാണ് പ്രിൻസി.
സംഭവം നടന്ന രാത്രി എട്ടരമണിയോടെ പ്രിൻസിയെ മാതാപിതാക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെയാണ് സംശയം തോന്നിയത്. ഇതോടെ മാതാപിതാക്കൾ ഹോസ്റ്റൽ വാർഡനെ വിളിച്ചു. വാർഡൻ മുറിയിലെത്തിയെങ്കിലും അകത്തുനിന്ന് വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ജനൽവഴി മുറിയിലേക്ക് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വാർഡൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ALSO READ: ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല
ബിടെക് വിദ്യാർഥിനിയായ പ്രിൻസി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റൽമുറിയിൽ നിന്ന് വിദ്യാർഥിനി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. പഠനസമ്മർദം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളതെന്നാണ് പോലീസ് അറിയിച്ചത്.
മാതാപിതാക്കളോട് ക്ഷമാപണം നടത്തികൊണ്ടാണ് വിദ്യാർഥിനിയുടെ കുറിപ്പ് എഴുതിയിരിക്കുന്നത്. ”മമ്മി, പപ്പാ, സോറി. നിങ്ങളുടെ പ്രതീക്ഷകക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല. നിങ്ങളെകൊണ്ട് ഒരുപാട് പണം ഞാൻ ചിലവാക്കിപ്പിച്ചു” എന്നായിരുന്നു പ്രിൻസിയുടെ കത്തിൽ പറയുന്നത്. മാതാപിതാക്കളുടെ സമ്പാദ്യം തന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തതിലെ കുറ്റബോധമാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
പ്രിൻസിക്ക് ആദ്യ സെമസ്റ്ററിൽ അഞ്ച് വിഷയങ്ങൾക്ക് സപ്ലി ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇതിനിടെ ആദ്യ സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകൾക്കൊപ്പം നിലവിലെ സെമസ്റ്ററിലെ പരീക്ഷകളും എഴുതേണ്ടിവന്നത് കൂടുതൽ സമ്മർദ്ദമുണ്ടാക്കി. സെമസ്റ്റർ ഫീസ് അടയ്ക്കാനായി ഒരുലക്ഷം രൂപ പ്രിൻസി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.