DY Chandrachud: ദൈവമാണ് അയോധ്യ പ്രശ്‌നപരിഹാരത്തിന് വഴികാണിച്ച് നല്‍കിയത്: ചീഫ് ജസ്റ്റിസ്
DY Chandrachud on Ayodhya Dispute: ഏകദേശം 70 വര്‍ഷത്തോളം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയില്‍ രാമക്ഷത്രം നിര്‍മിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ളതായിരുന്നു വിധി. കൂടാതെ അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കുമെന്നും ബെഞ്ച് വിധി പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തിന് പരിഹാരം കണ്ടെത്താനായി വഴികാണിച്ച് നല്‍കിയത് ദൈവമാണെന്ന വാദവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അയോധ്യ-ബാബറി തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവമാണ് തനിക്ക് വഴികാട്ടി നല്‍കിയതെന്നും തന്റെ ജന്മാനാടായ ഖേഡ് താലൂക്കിലെ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടിയാകും. പല കേസുകളിലും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരും. മൂന്ന് മാസം തന്റെ മുമ്പിലുണ്ടായിരുന്ന വിഷയാണ് രാമജന്മഭൂമി-ബാബറി കേസ്. അപ്പോള്‍ ഞാനെന്റെ ദൈവത്തിന്റെ മുന്നിലിരുന്നു. ഒരു പരിഹാരം വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. എന്നെ വിശ്വസിക്കൂ, നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം എപ്പോഴും വഴി കണ്ടെത്തും, ‘ ചന്ദ്രചൂഡ് പറഞ്ഞു.
2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ-ബാബറി മസ്ജിദ് വിഷയം സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ് എ നസീര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ഏകദേശം 70 വര്‍ഷത്തോളം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയില്‍ രാമക്ഷത്രം നിര്‍മിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ളതായിരുന്നു വിധി. കൂടാതെ അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കുമെന്നും ബെഞ്ച് വിധി പറഞ്ഞിരുന്നു.
2024 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നത്. എന്നാല്‍ മസ്ജിദിന്റെ തറക്കല്ലിടല്‍ പോലും ഇതുവരേക്കും നടന്നിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് ചീഫ് ജസ്റ്റിസ് പ്രാര്‍ത്ഥന നടത്തിയിരുന്നു.
അതേസമയം, സെപ്റ്റംബറില്‍ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.