ജന്തർ മന്തറിൽ CJP പ്രതിഷേധം; 20,000 സുരക്ഷാ ഉദ്യോഗസ്ഥർ, മെട്രോയ്ക്കും ട്രെയിനുകൾക്കും നിയന്ത്രണം
Delhi on High Alert for CJP Protest Against Chief Election Commissioner Gyanesh Kumar: പ്രതിഷേധവുമായി ബന്ധപ്പെട്ട് ജനപഥ്കര്‍ത്തവ്യ പഥ് ജങ്ഷനില്‍നിന്ന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ജന്തര്‍ മന്തറില്‍ ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുന്നതും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യാത്രക്കാരെയും ബാധിച്ചേക്കും.
45 മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണം
രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 45 ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, പുറത്തുകടക്കല്‍ കവാടങ്ങള്‍ അടച്ചിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ടിയിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 250-ലധികം ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ യാത്രാ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കേണ്ടതുണ്ട്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ജനപഥ്കര്‍ത്തവ്യ പഥ് ജങ്ഷനില്‍നിന്ന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും
പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസിനും കേന്ദ്ര സായുധ പൊലീസ് സേനകള്‍ക്കുമായി 20,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് പദ്ധതി. ജന്തര്‍ മന്തര്‍, ജനപഥ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്, ഡല്‍ഹി പൊലീസ് ആസ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഏകദേശം ഒന്നര കിലോമീറ്റര്‍ പരിധി അതീവ സുരക്ഷാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ മാത്രം 6,500-ലധികം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിഷേധത്തിന് അനുമതിയില്ലെന്ന് പൊലീസ്
പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ ഉച്ചഭാഷിണികളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പൊതുമുതല്‍ നശിപ്പിക്കരുതെന്നും പൊലീസിനെ ആക്രമിക്കരുതെന്നും പ്രതിഷേധത്തിനായി കൂട്ടംചേരരുതെന്നും ജനങ്ങളോട് ആവശ്യപ്പെടുന്ന അറിയിപ്പുകളും പ്രചരിപ്പിക്കുന്നു.
സമൂഹകേന്ദ്രങ്ങള്‍, പള്ളികള്‍, റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ എന്നിവയോടും പ്രതിഷേധത്തിന് അനുമതിയില്ലെന്ന വിവരം ജനങ്ങളിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തുന്ന പൊലീസ്, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് താമസസൗകര്യം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംവിധാനം
മുന്‍ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസിന്റെ നടപടികളെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോഗ്രാഫര്‍മാരെയും നിയോഗിച്ച് പ്രതിഷേധവും പൊലീസ് നടപടികളും വിവിധ കോണുകളില്‍നിന്ന് പകര്‍ത്താനും പദ്ധതിയുണ്ട്.
English Summary
Delhi has tightened security ahead of the CJP protest at Jantar Mantar against Chief Election Commissioner Gyanesh Kumar. Around 20,000 security personnel are expected to be deployed, while metro and railway restrictions have been reported.