Ajit Pawar’s pilot Shambhavi : മരണത്തിനു മണിക്കൂറുകൾക്കു മുമ്പ് മുത്തശ്ശിക്കുള്ള അവസാന സന്ദേശം, വിങ്ങുന്ന ഓർമ്മയായി ശാംഭവി
Co-pilot Shambhavi Pathak 's last message: പതിവില്ലാതെ പേരമകൾ അയച്ച സന്ദേശം മുത്തശ്ശി മീര പഥക്കിനെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും, വൈകാതെ എത്തിയ മരണവാർത്ത ആ കുടുംബത്തെ തകർത്തു.

Shambhavi Pathak
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ട 25-കാരിയായ സഹപൈലറ്റ് ശാംഭവി പഥക്കിന്റെ ഓർമ്മകൾ നൊമ്പരമാകുന്നു. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് മുത്തശ്ശിക്ക് അയച്ച ‘ഗുഡ് മോർണിംഗ്’ എന്ന സന്ദേശമായിരുന്നു ശാംഭവിയുടെ അവസാനത്തെ ആശയവിനിമയം.
ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ ലിയർജെറ്റ് 45 വിമാനം തകർന്നു വീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. വിരമിച്ച എയർഫോഴ്സ് പൈലറ്റ് വിക്രം പഥക്കിന്റെ മകളായ ശാംഭവി, ന്യൂസിലൻഡിൽ നിന്നാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. വെറും 25 വയസ്സിനുള്ളിൽ ലണ്ടൻ, റഷ്യ തുടങ്ങി നിരവധി അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനം പറത്തി തന്റെ മികവ് തെളിയിച്ചിരുന്നു.
പതിവില്ലാതെ പേരമകൾ അയച്ച സന്ദേശം മുത്തശ്ശി മീര പഥക്കിനെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും, വൈകാതെ എത്തിയ മരണവാർത്ത ആ കുടുംബത്തെ തകർത്തു. അജിത് പവാറിന്റെ ഹോം ഗ്രൗണ്ടായ ബാരാമതിയിൽ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ബുദ്ധിമതിയും പ്രസന്നവതിയുമായ ശാംഭവി ഓരോ തവണയും ഗ്വാളിയോറിലെത്തുമ്പോൾ മുത്തശ്ശിയെ കാണാൻ സമയം കണ്ടെത്തിയിരുന്നു.