Maggi at hill station: തണുപ്പകറ്റാൻ സ്വെറ്ററിനേക്കാൾ ബെസ്റ്റ് ഇൻസ്റ്റന്റ് നൂഡിൽസോ ? ഹിൽ സ്റ്റേഷനുകളിൽ ഒരു ദിവസം മാഗി വിറ്റാൽ കിട്ടുക പതിനായിരങ്ങൾ
Content Creator’s Experiment Reveals Massive Earnings of Maggi Stall: വെറും രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുപോയത് 300 മുതൽ 350 വരെ പ്ലേറ്റ് മാഗി. ഒരു പ്ലേറ്റിന് 70 രൂപ നിരക്കിൽ കണക്കാക്കിയാൽ, ഏതാനും മണിക്കൂറുകൾ കൊണ്ട് നേടിയത് ഏകദേശം 21,000 രൂപ.

Maggi
ന്യൂഡൽഹി: കൊടും തണുപ്പുള്ള ഹിൽ സ്റ്റേഷനുകളിൽ ഒരു പ്ലേറ്റ് ചൂടുള്ള മാഗി കഴിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. എന്നാൽ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാഗി കച്ചവടക്കാർ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം തേടി ബാദൽ താക്കൂർ എന്ന കണ്ടന്റ് ക്രിയേറ്റർ നടത്തിയ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ഞുമൂടിയ ഒരു ഹിൽടോപ്പിൽ താൽക്കാലികമായി മാഗി സ്റ്റാൾ ഇട്ട ബാദലിന് ലഭിച്ചത് അവിശ്വസനീയമായ പ്രതികരണമാണ്.
വെറും രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുപോയത് 300 മുതൽ 350 വരെ പ്ലേറ്റ് മാഗി. ഒരു പ്ലേറ്റിന് 70 രൂപ നിരക്കിൽ കണക്കാക്കിയാൽ, ഏതാനും മണിക്കൂറുകൾ കൊണ്ട് നേടിയത് ഏകദേശം 21,000 രൂപ. ഇതേ രീതിയിൽ കച്ചവടം നടന്നാൽ മാസത്തിൽ ആറ് ലക്ഷം രൂപയും വർഷത്തിൽ 75 ലക്ഷം രൂപയും വരുമാനമായി നേടാമെന്നാണ് വീഡിയോയിലെ അവകാശവാദം.
‘പ്ലാൻ ബി’ എന്ന് സോഷ്യൽ മീഡിയ
വീഡിയോ പുറത്തുവന്നതോടെ തമാശ കലർന്ന കമന്റുകളുമായി ആളുകൾ രംഗത്തെത്തി. ജോലി രാജിവെച്ച് പർവതങ്ങളിലേക്ക് വണ്ടി കയറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും, ഇത് തങ്ങളുടെ ‘പ്ലാൻ ബി’ ആണെന്നും പലരും കുറിച്ചു. എന്നാൽ മാഗി പാക്കറ്റ്, ഗ്യാസ് സിലിണ്ടർ, വെള്ളം, ഡിസ്പോസിബിൾ പ്ലേറ്റുകൾ എന്നിവയുടെ ഭീമമായ ട്രാൻസ്‌പോർട്ടേഷൻ ചിലവുകൾ ഈ വരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.