COVID-19 Cases In India: കോവിഡ് കേസുകൾ കൂടുന്നു; 9 മരണം, കേരളത്തിൽ മാത്രം 2,109 രോഗബാധിതർ
Today COVID-19 Cases In India: പനി, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ കോവിഡ് വ്യാപനത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

Covid In India
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത് 7,400 പേരാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് മരണങ്ങളിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും, മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരും, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു. മരിച്ചവരിൽ 34 വയസ്സുള്ള ഒരാൾ മഹാരാഷ്ട്രയിൽ നിന്നുള്ള രോഗിയാണ്. ബാക്കിയുള്ള എട്ട് പേർ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്ന പ്രായമായവരാണ്.
നിലവിലെ രോഗ ബാധിതരിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. 54 പുതിയ അണുബാധകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,109 ആയി ഉയർന്നു. അതേസമയം, ഡൽഹിയിൽ 42 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 672 ആയി.
ഗുജറാത്തിലും കോവിഡ് ബാധിതരിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1,437 ആയി. രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളിൽ JN.1 എന്ന ഉപവകഭേദമാണ് പടരുന്നത്.
പനി, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ കോവിഡ് വ്യാപനത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. വൈറസ് വ്യാപനം തടയുന്നതിനായി മാസ്കുകൾ ഉപയോഗിക്കാനും, പ്രതിരോധ നടപടികളുടെ ഭാഗമായി ശുചിത്വം പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.