Bengaluru Train Service: യാത്രക്കാർ ശ്രദ്ധിക്കുക; ബംഗളൂരുവിലേക്ക് ജൂൺ 1 മുതൽ ചില ട്രെയിൻ ഓടില്ല, കാരണം
Bengaluru-Mangaluru Train Service: ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെതിരെ ബദൽ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതെ റെയിൽവേയുടെ ജോലികൾ കൈകാര്യം ചെയ്യണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിച്ചു.

ബംഗളൂരു: വരുന്ന ജൂൺ ഒന്ന് മുതൽ മംഗലാപുരത്തിനും ബെംഗളൂരുവിനും ഇടയിൽ പകൽ സമയത്ത് ചില ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ. സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് സെക്ഷനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതം തടസ്സപെട്ടിരിക്കുന്നത്. ട്രെയിൻ സർവീസുകൾ 154 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചത്.
യശ്വന്ത്പൂർ-മംഗളൂരു ഗോമതേശ്വര എക്സ്പ്രസ് (ശനി) – മെയ് 31 മുതൽ നവംബർ 1 വരെയും മംഗളൂരു-യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് (ഞായർ) – ജൂൺ ഒന്ന് മുതൽ നവംബർ രണ്ട് വരെയും യശ്വന്ത്പൂർ-മംഗളൂരു ത്രൈവാര എക്സ്പ്രസ് (ചൊവ്വ, വ്യാഴം, ഞായർ) – ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 30 വരെയും നിർത്തിവെക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
റദ്ദാക്കിയ മറ്റ് ട്രെയിനുകൾ
മംഗളൂരു-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) – ജൂൺ രണ്ട് മുതൽ ഓഗസ്റ്റ് 31 വരെ മംഗലാപുരം ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നതായിരിക്കില്ല. യശ്വന്ത്പൂർ-കാർവാർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) – ജൂൺ രണ്ട് മുതൽ ഒക്ടോബർ 31 വരെയും കാർവാർ-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (ചൊവ്വ, വ്യാഴം, ശനി) -ജൂൺ മൂന്ന് മുതൽ നവംബർ ഒന്ന് വരയും സർവീസ് നിർത്തിവെയ്ക്കുന്നതായിരിക്കും.
അതിനിടെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെതിരെ ബദൽ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതെ റെയിൽവേയുടെ ജോലികൾ കൈകാര്യം ചെയ്യണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിച്ചു.
റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച സമയത്തിനുള്ളിൽ റെയിൽവേ വൈദ്യുതീകരണം പൂർത്തിയാക്കുന്നതിന് ട്രെയിൻ സർവീസുകൾ റദ്ദാക്കേണ്ടത് അനിവാര്യമാണെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അധികൃതർ പറയുന്നത്.