Delhi Blast: ആ കാര്‍ എത്തിയത് പുല്‍വാമയില്‍ നിന്ന്, ഡല്‍ഹി സ്‌ഫോടനത്തിന്റെ ചുരുളഴിയുന്നു?
Delhi Red Fort blast: കാര്‍ എത്തിയത് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിന്നെന്ന് സൂചന. പ്രാഥമികാന്വേഷണത്തില്‍ പുല്‍വാമ ബന്ധം സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനം നടന്ന കാര്‍ എത്തിയത് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിന്നെന്ന് സൂചന. പ്രാഥമികാന്വേഷണത്തില്‍ പുല്‍വാമ ബന്ധം സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനം നടന്ന ഐ20 കാര്‍ പുല്‍വാമ സ്വദേശിയില്‍ നിന്നാണ് സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ഉമര്‍ മുഹമ്മദ് വാങ്ങിയതെന്നാണ് കരുതുന്നത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഏരിയയിലേക്ക് ഈ കാര്‍ പ്രവേശിക്കുന്നതിന്റെയും, പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആ സമയത്ത് കാറില്‍ പ്രതി ഒറ്റയ്ക്കായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്ന സൂചന. സമീപത്തുള്ള ടോൾ പ്ലാസകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ 100-ലധികം സിസിടിവി ക്ലിപ്പുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സ്‌ഫോടനത്തിന് പിന്നാലെ സമീപപ്രദേശങ്ങളിലെ ഹോട്ടലുകളില്‍ രാത്രി മുഴുവന്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെ രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ചോദ്യം ചെയ്യുന്നതിനായി നാലു പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 6.52 ഓടെയുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Also Read: Delhi Blast: ഡൽഹി സ്ഫോടനം; അന്വേഷണം എൻഐഎക്ക് കൈമാറി, ഉടൻ റിപ്പോർട്ട് സമർപ്പിക്കും
ചെങ്കോട്ടയ്ക്ക് സമീപം മൂന്നു മണിക്കൂറോളമാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറിലുണ്ടായിരുന്നയാള്‍ ഈ മൂന്ന് മണിക്കൂറും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ട്രാഫിക് സിഗ്നലിലേക്ക് കാര്‍ ഓടിച്ചുകൊണ്ടുപോവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
സാവധാനം മുന്നോട്ടുപോവുകയായിരുന്നു കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിന് ശേഷം സ്‌ഫോടനം നടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഹരിയാനയിൽ നിന്ന് ബദർപൂർ വഴി ഡൽഹിയിലേക്ക് കാര്‍ എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ചാവേറെന്ന് സംശയിക്കുന്ന ഉമര്‍ മുഹമ്മദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മാതാവിനെയും, രണ്ട് സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ ഡിഎന്‍എ ശേഖരിക്കും. ആകെ പതിമൂന്നോളം പേരെ നിലവില്‍ ചോദ്യം ചെയ്യുന്നുണ്ട്. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്.