Yamuna Sand Mining: യമുനയിലെ മണല്‍ ഖനനം തടയാന്‍ നടപടികള്‍ സ്വീകരിക്കുക; യോഗിക്ക് കത്തെഴുതി ഡല്‍ഹി മുഖ്യമന്ത്രി
Rekha Gupta Sent Letter To Yogi: അന്തര്‍സംസ്ഥാന പ്രശ്‌നമായാണ് രേഖ ഗുപ്ത ഈ വിഷയം ഉന്നയിച്ചത്. ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഉള്‍പ്പെടെ ഡല്‍ഹി-യുപി സര്‍ക്കാരുകള്‍ക്കിടയില്‍ ഏകോപിത നടപടി വേണമെന്ന് അവര്‍ നിര്‍ദേശിച്ചു.

രേഖ ഗുപ്ത
ന്യൂഡല്‍ഹി: ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള യമുന നദിയില്‍ നിന്നും അനധികൃതമായ മണല്‍ ഖനനം ചെയ്യുന്നതിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഇക്കാര്യം ആവശ്യപ്പെട്ട് രേഖ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
ഖനന പ്രവര്‍ത്തനങ്ങള്‍ നദിയുടെ കരകളെ ദുര്‍ബലപ്പെടുത്തുകയും ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് രേഖ കത്തില്‍ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം പാരിസ്ഥിതി നാശത്തിനും ഇത് കാരണമാകുമെന്ന് പറഞ്ഞ അവര്‍ അനിയന്ത്രിതമായ ഖനനത്തെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ നടത്തിയ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
‘അനധികൃത മണല്‍ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി എന്‍ജിടി നിരന്തരം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാന്‍ അടിയന്തര നിയന്ത്രണ ഇടപെടല്‍ ആവശ്യമാണ്,’ രേഖ പറഞ്ഞു.
നദിയുടെ ഒഴുക്കിലെ മാറ്റങ്ങള്‍ നദീതടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. ഇത് നദിക്ക് സമീപം താമസിക്കുന്ന ആളുകളെ ബാധിക്കുന്നു. ഖനന പ്രവര്‍ത്തനങ്ങള്‍ നദിയുടെ സ്വാഭാവിക ഗതിയെ മാറ്റിമറിക്കുകയും മണ്ണൊലിപ്പിനും പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുകയും ചെയ്യുമെന്നും അവര്‍ എഴുതി.
അന്തര്‍സംസ്ഥാന പ്രശ്‌നമായാണ് രേഖ ഗുപ്ത ഈ വിഷയം ഉന്നയിച്ചത്. ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഉള്‍പ്പെടെ ഡല്‍ഹി-യുപി സര്‍ക്കാരുകള്‍ക്കിടയില്‍ ഏകോപിത നടപടി വേണമെന്ന് അവര്‍ നിര്‍ദേശിച്ചു.