New Delhi Railway Station: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; ബിജെപി എംപി
New Delhi Railway Station Named After Atal Bihari Vajpayee: ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഷന്‍ 1996ലും പിന്നീട് 1998 മുതല്‍ 2004 വരെയും അധികാരത്തിലിരുന്ന ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയെ പോലുള്ള ദേശീയ ഐക്കണിന് സമര്‍പ്പിക്കണമെന്നും ഖണ്ഡേല്‍വാല്‍ വാദിച്ചു.
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന് ബിജെപി എംപി. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കില്‍ നിന്നുള്ള ലോക്‌സഭ എംപി പ്രവീണ്‍ ഖണ്ഡേല്‍വാലാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖണ്ഡേല്‍വാല്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വാജ്‌പേയിയുടെ കര്‍മ്മ മണ്ഡലം കൂടിയായിരുന്നു ഡല്‍ഹി. അതിനാല്‍ തന്നെ ഗാഢമായ വൈകാരിക ബന്ധം അദ്ദേഹത്തിന് ഡല്‍ഹിയോട് ഉണ്ടായിരുന്നു. റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റുന്നതിലൂടെ അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു.
ഇന്ത്യയുടെ തലസ്ഥാനത്തേക്കുള്ള പ്രധാന റെയില്‍വേ കാവടം മാത്രമല്ല ഡല്‍ഹി. രാജ്യത്തെ ഏറ്റവും തിരക്കേറിയതും ഏറ്റവും പ്രശസ്തവുമായ സ്റ്റേഷനുകളില്‍ ഒന്നാണ്. അതിനാല്‍ തന്നെ വാജ്‌പേയിയുടെ പേര് നല്‍കാന്‍ ഏറ്റവും അനുയോജ്യമായ ഇടവും ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനാണെന്ന് ഖണ്ഡേല്‍വാല്‍ പറഞ്ഞു.




മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര്‍ സാംഗോളി രായണ്ണ സ്‌റ്റേഷന്‍ തുടങ്ങിയ സ്‌റ്റേഷനുകള്‍ക്ക് ചരിത്ര നായകന്മാരുടെ പേരുകള്‍ നല്‍കി. അതുപോലെ ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഷന്‍ 1996ലും പിന്നീട് 1998 മുതല്‍ 2004 വരെയും അധികാരത്തിലിരുന്ന ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയെ പോലുള്ള ദേശീയ ഐക്കണിന് സമര്‍പ്പിക്കണമെന്നും ഖണ്ഡേല്‍വാല്‍ വാദിച്ചു.
Also Read: Crime News: കൊല്ലപ്പെട്ടത് നിരവധി പേര്‍, ഏറെയും യുവതികള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍
ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് ഇതിഹാസ രാജാവ് മഹാരാജ അഗ്രസെന്റെ പേര് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഡല്‍ഹി ജങ്ഷന്റെ പേര് മഹാരാജ അഗ്രസെന്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പിന്തുണച്ചിരുന്നു.