Legal Drinking Age For Beer: ബിയർ കുടിക്കാനുള്ള പ്രായപരിധി കുറയ്ക്കും, പുതിയ മദ്യനയത്തിന് ആലോചന
Legal Age For Drinking In Delhi: പ്രായം കുറയ്ക്കുന്നത് വഴി കരിഞ്ചന്തയും അനധികൃത മദ്യവിൽപ്പനയും നിയന്ത്രിക്കാൻ കഴിയുമെന്നും അതോടൊപ്പം സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് നിഗമനം.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബിയർ കുടിക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പുതിയ മദ്യ നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. പൊതുമരാമത്ത് മന്ത്രിയും ഉന്നതാധികാരസമിതി അധ്യക്ഷനുമായ പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് ബിയർ നിർമാതാക്കളിൽ നിന്നും വ്യാപാരം നടത്തുന്ന ഔട്ട് ലെറ്റ് നടത്തിപ്പുകാരിൽ നിന്നും അഭിപ്രായം ശേഖരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
അതേസമയം, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ കുടിക്കുന്നതിനുള്ള പ്രായം ഇതിനകം 21 ആയി കുറച്ചിട്ടുണ്ട്. മദ്യപിക്കാനുള്ള നിയമപരമായ പ്രായം കുറയ്ക്കുന്നത് വഴി കരിഞ്ചന്തയും അനധികൃത മദ്യവിൽപ്പനയും നിയന്ത്രിക്കാൻ കഴിയുമെന്നും അതോടൊപ്പം സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് നിഗമനം.
കൂടാതെ ഡൽഹിയിലെ ബിയർ വിൽപ്പനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സർക്കാർ നടത്തുന്ന ഔട്ട്ലെറ്റുകളും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് മോഡൽ കൊണ്ട് വരുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നതായി വിവരം. 2022ൽ സ്വകാര്യ വിൽപ്പനക്കാരെ അനുവദിച്ച നയം പിൻവലിച്ചതിനെ തുടർന്ന് നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ മാത്രമാണ് മദ്യവിൽപ്പന നടത്തുന്നത്.
ഹിമാചൽ പ്രദേശ്, കർണാടക, മിസോറം, രാജസ്ഥാൻ, സിക്കിം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി എന്നിവിടങ്ങളിൽ മദ്യപിക്കാനുള്ള പ്രായപരിധി 18 വയസാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങിൽ ഇരുപത്തിയൊന്നും. മദ്യപിക്കാനുള്ള പ്രായപരിധി 23 വയസാക്കിയ ഏക സംസ്ഥാനം കേരളമാണ്.