EVM Petition : ‘ഒന്നും ഡിലീറ്റ് ചെയ്യരുത്’; ഇവിഎം പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി
Supreme Court On EVM Petition : എഡിആർ എന്ന സംഘടനയും ചില കോൺഗ്രസ് നേതാക്കളും സമർപ്പിച്ച വിവിധ ഹർജികളിലാണ് കോടതിയുടെ നിർദേശം. മറ്റ് വിവരങ്ങളും ചേർക്കാൻ പാടില്ലയെന്നും കോടതി അറിയിച്ചു.

ന്യൂ ഡൽഹി : തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മിലെ ഡാറ്റകൾ നീക്കം ചെയ്യാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ച് സൂപ്രീം കോടതി. കൂടാതെ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൈക്കൊളുന്ന നടപടികൾ എന്തെല്ലാമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആരായുകയും ചെയ്തു. ഡാറ്റകൾ വീണ്ടും ഇവിഎമ്മിലേക്ക് ചേർക്കാനും പാടില്ലയെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇലക്ഷൻ കമ്മീഷനോട് പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം ഡാറ്റകൾ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം ഇവിഎമ്മിലെയും മൈക്രോ കൺട്രോളറുകളിലെ വിവരങ്ങൾ മറ്റൊരു ഡിസ്ക്കിലേയ്ക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. തോറ്റ സ്ഥാനർഥിക്ക് വിശദീകരണം ആവശ്യമെങ്കിൽ അത് നൽകേണ്ടതാണെന്നും എഞ്ചിനീയർ അതിന് വ്യക്തത നൽകേണ്ടതാണെന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ബിഇഎല്ലിൻ്റെ എഞ്ചിനീയർമാർ ഡമ്മി ചിഹ്നം ചേർക്കുകയും യഥാർഥ ഡാറ്റ മായിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് അങ്ങനെ ചെയ്തെന്ന് ചീഫ് ജസ്റ്റിസ് തിരിഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുകയും ചെയ്തു. തുടർന്നാണ് വോട്ടെണ്ണൽ കഴിഞ്ഞാലും ഇവിഎമ്മിലെ ഡാറ്റകൾ ഡിലീറ്റാക്കാൻ പാടില്ലയെന്ന കോടതി നിർദേശിച്ചത്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും (എഡിആർ) ചില കോൺഗ്രസ് നേതാക്കളുമാണ് ഇവിഎമ്മിലെ സുതാര്യത ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇവിഎമ്മിലെ ബേർൺഡ് മെമ്മറിയും മൈക്രോ കൺട്രോളറും എഞ്ചിനീയർമാർ പരിശോധിച്ച് സുതാര്യത വ്യക്തമാക്കേണ്ടതാണെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. മാർച്ച് 17ന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.