Trump India Tariffs 2025: ട്രംപിന്റെ തീരുവ യുദ്ധം, ഇന്ത്യയെ എങ്ങനെ ബാധിക്കും?
Trump India Tariffs 2025: വ്യവസായ രംഗങ്ങളിൽ ഇന്ത്യയുമായി മത്സരിക്കുന്ന ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ തീരുവയാണുള്ളത്, ഇതും ആശങ്ക സൃഷ്ടിക്കുന്നു.

ഡോണാൾഡ് ട്രംപ്, നരേന്ദ്ര മോദി
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയുമായി താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ 50 ശതമാനം താരിഫാണ് കഴിഞ്ഞ ദിവസങ്ങളിലായി ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ വിമര്‍ശനം.
ട്രംപിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളർ നഷ്ടം വരുത്തിവയ്ക്കുമെന്നതിൽ സംശയമില്ല. നേരത്തേ തീരുമാനിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 ശതമാനം തീരുവ 21 ദിവസത്തിന് ശേഷമായിരിക്കും പ്രാബല്യത്തിൽ വരുന്നത്.
ALSO READ: ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും
ട്രംപിന്റെ 50 % തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കും?
അധിക തീരുവ ഇന്ത്യൻ വ്യവസായങ്ങൾക്ക് തിരിച്ചടിയുണ്ടാക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കൂടും. ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറച്ചേക്കാം. കൂടാതെ തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വ്യവസായ മേഖലകളിൽ കനത്ത നഷ്ടമുണ്ടാക്കും.
തീരുവ ഇരട്ടിയാക്കിയതോടെ വിവിധ വിഭാഗങ്ങളിൽപെട്ട ഉൽപന്നങ്ങൾക്കുമേൽ 63.9% വരെ തീരുവ ചുമത്തപ്പെട്ടേക്കാം. ടെക്സ്റ്റൈൽ വ്യവസായമാണ് കൂടുതൽ തിരിച്ചടി നേരിടേണ്ടി വരിക. തുണിത്തരങ്ങൾക്ക് 59% മുതൽ 63.9 % വരെ തീരുവ ഉയർന്നേക്കാം. മെഷിനറി, പരവതാനി, ഓർഗാനിക് കെമിക്കലുകളുടെ കയറ്റുമതിയും വെല്ലുവിളി നേരിടും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നത് യുഎസ് വിപണിയിൽ ഇന്ത്യയുടെ മേൽക്കൈ നഷ്ടപ്പെടുത്തിയേക്കും. കൂടാതെ ഈ വ്യവസായ രംഗങ്ങളിൽ ഇന്ത്യയുമായി മത്സരിക്കുന്ന ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ തീരുവയാണുള്ളത്, ഇതും ആശങ്ക സൃഷ്ടിക്കുന്നു.