Driving Licence: കാഴ്ച പരിശോധന മാത്രം പോര, ഡ്രൈവിംഗ് ലൈസൻസിന് കൂടുതൽ ആരോഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
Driving Licence Rules to Update: രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പ്രധാനമായും വേണ്ട ആരോഗ്യ സംബന്ധമായ രേഖ...

പ്രതീകാത്മക ചിത്രം
ഡൽഹി: രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് പ്രധാനമായും വേണ്ട ആരോഗ്യ സംബന്ധമായ രേഖ എന്നത് കണ്ണിന്റെ കാഴ്ച പരിശോധിച്ച സർട്ടിടിക്കറ്റ് ആണ്. എന്നാൽ പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ഭാവിയിൽ കൂടുതൽ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ലൈസൻസ് ലഭിക്കുന്നതിനുവേണ്ടി വെളിപ്പെടുത്തേണ്ടി വരും.
ശാരീരിക ക്ഷമത സംബന്ധിച്ച സെൽഫ് ഡിക്ലറേഷൻ ആണ് കൂടുതൽ ആരോഗ്യ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കൊണ്ടുള്ള അലർജി, മെഡിക്കൽ അല്ലെങ്കിൽ സർജിക്കൽ ഇമ്പ്ലാന്റുകൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവ ലൈസൻസിന് അപേക്ഷിക്കുന്നവർ വെളിപ്പെടുത്തേണ്ടി വരുമെന്ന് വിജ്ഞാപനം സൂചിപ്പിക്കുന്നു. വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താവൂ എന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
Also Read: സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു
അപസ്മാരം എന്ന രോഗാവസ്ഥ ഉള്ളവർ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയിൽ കൂടുതൽ വിശദമായ ആരോഗ്യ സാഹചര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. അപസ്മാര രോഗാവസ്ഥയോ മൂന്നു വർഷക്കാലയളവിൽ അപസ്മാരം ഉണ്ടായതോ നിലവിൽ അപസ്മാര രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതും ആയ ആളുകൾക്ക് ഫുൾ ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്ലിയറൻസ് ലഭിക്കില്ല. പുതിയൊരു വിഭാഗം കൂടി ലൈസൻസിൽ ചേർക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനും ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി എടുക്കുന്നതിനും ഈ വ്യവസ്ഥകൾ ബാധകമാണ്.
മാത്രമല്ല ലൈസൻസുകളിൽ അപേക്ഷകന്റെ രക്ത ഗ്രൂപ്പും എമർജൻസി കോൺടാക്ട് നമ്പറും നിർബന്ധമായും ചേർക്കണമെന്നും പുതിയ കരട് പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ഇതുമാത്രമല്ല പരീക്ഷയുടെ പാസ്മാർക്ക് 60 ശതമാനം എന്നതിൽ നിന്ന് 75 ശതമാനം ആക്കി ഉയർത്താനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈസൻസിന് പുറമേ ലേണേഴ്സ് ടെസ്റ്റിനും ഇനി കൂടുതൽ കടമ്പകൾ കടക്കേണ്ടി വരും. പുതിയ കരട് വിജ്ഞാപനം അനുസരിച്ച് ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ ഉണ്ടാകും. ഡ്രൈവിങ്ങിന് സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഓൺലൈൻ ട്യൂട്ടോറിയൽ ആണ് ആദ്യഘട്ടം, ഇത് കഴിഞ്ഞതിനുശേഷം ആണ് ലേണേഴ്സ് ടെസ്റ്റ് എഴുതാൻ കഴിയുക.
English Summary
The Central Government is preparing to tighten the procedures for obtaining a driving license in the country. A draft notification proposing amendments to the Central Motor Vehicles Rules provides clear indications in this regard. Currently, the primary health-related document required to obtain a driving license is a certificate confirming an eye vision test.