ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ
Big relief for drivers: Driving licence may remain valid until you turn 50: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിൻ്റുകൾ നൽകുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ നെഗറ്റീവ് പോയിൻ്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും.

പ്രതീകാത്മക ചിത്രം
ന്യൂ ഡൽഹി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. നിലവിലുള്ള 20 വർഷത്തെ കാലാവധിക്ക് പകരം, ലൈസൻസ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ കാലാവധി നീട്ടി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പൊതുജനങ്ങൾ പല ആവശ്യങ്ങൾക്കായി നിരന്തരം ആർ.ടി.ഒ ഓഫീസുകൾ കയറിയിറങ്ങുന്നതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ
ലൈസൻസ് കാലാവധി നീട്ടുന്നതിനൊപ്പം വാഹനങ്ങളുടെ ഉടമസ്ഥാവക കൈമാറ്റവും, പെർമിറ്റ് പുതുക്കലും പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഈ പരിഷ്കാരങ്ങൾ വരുന്നതോടെ ആർ.ടി.ഒ ഓഫീസുകളിലെ അനാവശ്യമായ തിരക്കുകളും, ഏജൻ്റുമർ വഴിയുള്ള അഴിമതിയും ഒരു പരിധി വരെ ഇല്ലാതാകും.
ലൈസൻസ് കാലാവധി നീട്ടുന്നത് വഴി സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ഓൺലൈൻ വഴി തന്നെ ഈടാക്കാൻ സാധിക്കും. കൂടാതെ, ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിൻ്റുകൾ നൽകുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ നെഗറ്റീവ് പോയിൻ്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യും. ഇത് നിയമലംഘകരെ പിടിച്ചുകെട്ടാൻ സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Also Read: Namma Metro: നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര? വമ്പന്‍ മാറ്റത്തിനൊരുങ്ങി ബെംഗളൂരു
അതേസമയം സംസ്ഥാന സർക്കാരിൻ്റെ പുതിയ വാഹന രൂപമാറ്റ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്ന സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റീയറിങ് കവറുകൾ തുടങ്ങിയ മാറ്റങ്ങൾക്ക് നേരത്തെ തന്നെ നിയമപരമായി യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല എന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, യുവാക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് അപകടകരമല്ലാത്ത രീതിയിലുള്ള വാഹന രൂപമാറ്റങ്ങൾക്ക് ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ഗതാഗത കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ 18 തരം മാറ്റങ്ങൾക്ക് അനുമതി നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, മുൻപ് തന്നെ നിയമവിരുദ്ധമല്ലാതിരുന്ന മഡ് ഫ്ലാപ്പുകൾ, ഡാഷ്‌ക്യാം, ഡോർ വൈസറുകൾ എന്നിവയാണ് ഈ പട്ടികയിലുള്ളതെന്ന് ഓട്ടോമൊബൈൽ പ്രേമികൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. കീചെയിൻ തൂക്കാനും സീറ്റ് കവർ മാറ്റാനും ഇനി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി വേണോ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നത്.
വാഹനത്തിൻ്റെ ഘടനയെ മാറ്റുന്നതോ എൻജിനിൽ വലിയ തരത്തിൽ മാറ്റങ്ങൾ വരുത്തുന്നതോ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം സാധ്യമല്ല. മാത്രമല്ല ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധികളും നിലവിലുണ്ട്. ഇവ മറികടന്നുകൊണ്ട് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് അനുമതി നൽകാൻ കേരള മോട്ടോർ വാഹന വകുപ്പിനോ സംസ്ഥാന സർക്കാരിനോ കഴിയില്ല എന്നതാണ് വസ്തുത. ഇതാണ് ഇപ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
English Summary
The Indian government is considering extending the validity of private driving licences from 20 years directly until the holder turns 50. Aimed at improving “ease of living,” the transport ministry’s proposal also includes moving vehicle ownership transfers and permit renewals completely online to eliminate physical RTO visits and reduce paperwork.