Ayodhya Shocker: കുടുംബാംഗങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച വയോധിക മരിച്ചു
Elderly woman dumped on Ayodhya: റിക്ഷാ ഡ്രൈവറുടെ സഹായത്തോടെ രണ്ട് സ്ത്രീകൾ രാത്രിയോടെ കിഷുൻ ദാസ്പൂർ പ്രദേശത്ത് വയോധികയെ ഉപേക്ഷിക്കുകയായിരുന്നു. വൃദ്ധയെ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു
വാര്‍ധക്യകാലത്ത് വീട്ടുകാര്‍ക്ക് പോലും വേണ്ടാതെ എത്ര പേരാണ് ഇന്ന് ദുരിതജീവിതം നയിക്കുന്നത്. കേരളത്തില്‍ തന്നെ എത്രയെത്ര സംഭവങ്ങളാണ് ഇത്തരത്തില്‍ നടന്നത്. ഏതാനും ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ അയോധ്യയിലും നടന്നു സമാനസംഭവം. രോഗിയായ വൃദ്ധയെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. വയോധികയെ തെരുവില്‍ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇവര്‍ മരിച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് കുടുംബാംഗങ്ങള്‍ വയോധികയെ ഉപേക്ഷിച്ചത്. സംഭവം വാര്‍ത്തയായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. വയോധികയെ ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. വയോധികയ്ക്ക് ഏതാണ്ട് 80 വയസ് പ്രായം തോന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിക്ഷാ ഡ്രൈവറുടെ സഹായത്തോടെ രണ്ട് സ്ത്രീകൾ രാത്രിയോടെ കിഷുൻ ദാസ്പൂർ പ്രദേശത്ത് വയോധികയെ ഉപേക്ഷിക്കുകയായിരുന്നു. വൃദ്ധയെ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഉപേക്ഷിച്ച ശേഷം ഉടന്‍ തന്നെ സ്ത്രീകള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ വൃദ്ധ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സ്വയം ആരാണെന്ന് പറയാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് എത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഇവര്‍ മരിച്ചു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വയോധികയെ ഉപേക്ഷിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.