Emergency at 50: പൗരസ്വാതന്ത്ര്യങ്ങൾ അടിച്ചമർത്തപ്പെട്ട ജനാധിപത്യത്തിന്റെ തടവറക്കാലം; അടിയന്തരാവസ്ഥയുടെ 50-ാം വർഷം
Emergency at 50: 1975 ജൂൺ 25ന് അർദ്ധരാത്രി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി നീണ്ട 21 മാസക്കാലം അടിയന്തരാവസ്ഥ നീണ്ടുനിന്നു.

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം, അടിയന്തരാവസ്ഥ കാലത്തിന്റെ ഇരുണ്ട ഓർമകൾക്ക് ഇന്ന് 50 വയസ്. സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്.
1975 ജൂൺ 25ന് അർദ്ധരാത്രി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി നീണ്ട 21 മാസക്കാലം അടിയന്തരാവസ്ഥ നീണ്ടുനിന്നു. ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേയുടെ ഉപദേശപ്രകാരമെന്ന് പറയപ്പെടുന്ന ആ നടപടി എടുക്കാന്‍ ഇന്ദിര തീരുമാനിച്ചപ്പോൾ, മന്ത്രിസഭയുടെ അംഗീകാരത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിയമം വെറും കാഴ്ചക്കാരായി.
ആഭ്യന്തര പ്രശ്നങ്ങളും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടിയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥയ്ക്കുള്ള അനുമതി തേടിയത്. എന്നാൽ 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന കേസിൽ, ഇന്ദിരാഗാന്ധിക്കുണ്ടായ തിരിച്ചടിയാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. 1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ക്രമക്കേട് കേസിൽ ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ALSO READ: പ്രണയത്തെച്ചൊല്ലി തർക്കം; കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി, 16കാരി അറസ്റ്റിൽ
പക്ഷേ, അപ്പീലിൽ വാദം കേട്ട ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വെക്കേഷൻ ബെഞ്ച് ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാർലമെന്റിൽ പങ്കെടുക്കാമെന്നും അറിയിച്ചു. വിധിയുടെ പതിമൂന്നാം ദിവസം 1975 ജൂൺ 25 -ന് ഡൽഹി രാംലീലാ മൈതാനിയിൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തടിച്ചുകൂടി. അന്ന് അർദ്ധരാത്രി തന്നെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഉത്തരവെത്തി.
പിന്നീടുണ്ടായത് ജനാധിപത്യത്തിന്റെ തടവറക്കാലം. നേതാക്കൾ ജയിലിലടക്കപ്പെട്ടു, പത്രസ്വാതന്ത്രം നിഷേധിച്ചു, സംഘടനകൾ നിരോധിച്ചു. നിരവധിയാളുകൾ കൊല്ലപ്പെട്ടു, ജയിലിലായി. കടുത്ത മനുഷ്യവകാശ ലംഘനങ്ങൾക്കൊടുവിൽ 1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ, അടിച്ചമർത്തലിന് എതിരെയുള്ള ജനവികാരം ഇന്ദിരയ്ക്കെതിരെയുള്ള വോട്ടായി മാറി. 1977 മാർച്ച് 24ന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാപാർട്ടി അധികാരത്തിലേറി. അമ്പത് വർഷങ്ങൾ പിന്നിടുമ്പോഴും ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്ന ആ കാലം ഇന്നും കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി നിലനിൽക്കുന്നു.