Encounter in Balaghat: ബാലാഘട്ടില്‍ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു, ഇതിൽ മൂന്നും സ്ത്രീകൾ
Four Naxalites Killed in Balaghat: മാവോയിസത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ഇത് അഭിമാനകരമായ നിമിഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ധീരരായ ജവാൻമാർക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങളും അറിയിച്ചു.

പ്രതീകാത്മക ചിത്രം
ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ടിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന നാല് മാവോയിസ്റ്റുകളെ വധിച്ചു. ശനിയാഴ്ച വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും സ്ത്രീകളാണ്. ഏറ്റുമുട്ടലിനെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ബാലഘട്ടിലെ പച്മദാർ, കതേജിരിയ എന്നീ വനമേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. നക്സലൈറ്റുകളിൽ നിന്ന് ഒരു ഗ്രനേഡ് ലോഞ്ചർ, എസ്എൽആർ റൈഫിൾ, രണ്ടു 315 ബോർ റൈഫിളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെടുത്തു. ഈ മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
അതേസമയം, മാവോയിസത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ഇത് അഭിമാനകരമായ നിമിഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ധീരരായ ജവാൻമാർക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങളും അറിയിച്ചു.
മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
हम हर हाल में मार्च 2026 तक नक्सलवाद को समाप्त करेंगे। मध्यप्रदेश पुलिस सफलता के साथ इस अभियान में लगी है। नक्सल विरोधी अभियान में शामिल बहादुर पुलिसकर्मियों को पदोन्नति मिलेगी। pic.twitter.com/j8EMYXol3m
— Dr Mohan Yadav (@DrMohanYadav51) June 14, 2025
കഴിഞ്ഞ 115 ദിവസത്തിനിടെ ബാലാഘട്ട് ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലാണിത്. ഏറ്റുമുട്ടലിൽ ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഫെബ്രുവരി 19ന് ബാലഘട്ട് ജില്ലയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് വനിതാ കേഡർമാരെ സേന വെടിവച്ചു കൊന്നു. പിന്നീട് ഏപ്രിൽ 2ന് മാണ്ട്‌ല ജില്ലയിലെ വനത്തിൽ തലയ്ക്ക് 14 ലക്ഷം വിലയിട്ടിരുന്ന രണ്ട് വനിതാ കേഡർമാരെയും വധിച്ചു.