Vijay Rupani: അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Ex Gujarat CM Vijay Rupani's Body Identified: മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലെത്തിക്കും. രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉച്ചയോടെ കുടുംബം കൈക്കൊള്ളുമെന്നുമാണ് വിവരം.
ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ സാമ്പിൾ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് സ്ഥിരീകരണം. ഇന്ന് (ഞായറാഴ്ച) രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ഫലം വന്നത്. മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലെത്തിക്കും. രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉച്ചയോടെ കുടുംബം കൈക്കൊള്ളുമെന്നുമാണ് വിവരം.
മെയ് 19ന് ലണ്ടനിലേക്ക് പോകാനായിരുന്നു രൂപാണി ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും അത് റദ്ധാക്കി ജൂൺ 5ന് മാറ്റി ഷെഡ്യൂൾ ചെയ്യുകയായിരുന്നു. പിന്നീട് അതും റദ്ദാക്കിയാണ് ഒടുവിൽ ജൂൺ 12ന് എയർ ഇന്ത്യയുടെ AI171 വിമാനം ബുക്ക് ചെയ്തത്. കുടുംബത്തെ സന്ദർശിക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ അപകടത്തിൽ മരിച്ച 32 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 14 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.
എഎൻഐ പങ്കുവെച്ച പോസ്റ്റ്:
#WATCH | #AhmedabadPlaneCrash | Gujarat Home Minister Harsh Sanghvi says “Former Gujarat CM Vijay Rupani lost his life during the Air India crash in Ahmedabad on 12th June. Today, at around 11:10 AM, his DNA has matched. He worked for the people of the state for several years…” pic.twitter.com/4QYqOh2Eti
— ANI (@ANI) June 15, 2025
ALSO READ: വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നുവീണു; ഏഴു പേർക്ക് ദാരുണാന്ത്യം
ജൂൺ 12-ാം തീയതി അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം ജനവാസ മേഖലയിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ 68കാരനായ രൂപാണിയും ഉൾപ്പെടുന്നു. ബ്രിട്ടീഷ് പൗരനായ രമേശ് വിശ്വാസ് കുമാർ മാത്രാമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. ഇതിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും സമീപവാസികളും ഉൾപ്പടെ 25ഓളം പേരും മരിച്ചുവെന്നാണ് വിവരം.
അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ഫോറൻസിക് സംഘം എന്നിവർ സംയുക്തമായി ബ്ലാക്ക് ബോക്‌സിലെ ഡാറ്റകൾ വിശകലനം ചെയ്തുവരികയാണ്.