Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; മരം വീണ് യുവാവിന് ദാരുണാന്ത്യം
Bengaluru Heavy Rain: കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിനിടയിലായി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെ വലച്ചു.
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ ഇട്ടമഡു സ്വദേശി മഹേഷ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30ക്ക് ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വീഴുകയായിരുന്നു.
തെക്കൻ ബെംഗളൂരുവിലെ ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് മരം വീണ് 45 വയസ്സുള്ള ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചത്. കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോ പാർക്ക് ചെയ്തപ്പോഴാണ് അപകടം. വാഹനം നിർത്തിയപ്പോഴേക്ക് മരം കടപുഴകി ഓട്ടോയുടെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിനിടയിലായി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെ വലച്ചു. മെയ് ആറ് വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും കർണാടക, തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് ബെംഗളൂരു റൂറൽ, കോലാർ, രാമനഗര, മൈസൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ഹാസൻ, തുംകൂർ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ദാവണഗെരെ, ബെല്ലാരി, ചിത്രദുർഗ, മാണ്ഡ്യ എന്നിവിടങ്ങളിൽ മഴ ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു.