Delhi Rain: മുന്നൂറോളം വിമാനങ്ങൾ വൈകും, പ്രളയ മുന്നറിയിപ്പ്; ഡൽഹിയിൽ കനത്ത മഴ
Heavy Rainfall In Newdelhi: കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. ഇതേതുടർന്ന് പരിസരപ്രദേശങ്ങളിൽ പ്രളയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയുടെ കരയിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഡൽഹിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡ് ഗതാഗതത്തിന് പുറമെ വ്യോമ ഗതാഗതത്തെയും മഴ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിൽ മൂന്നൂറോളം വിമാനങ്ങളാണ് വൈകുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയാണ് കനത്ത മഴ മൂലം വൈകി ഓടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ വൈകിയാണ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിലേക്കുള്ള IX 2508 ഒരു മണിക്കൂറിലധികം വൈകിയും ഗുവാഹത്തിയിലേക്കുള്ള 1193 41 മിനിറ്റ് വൈകിയുമാണ് പുറപ്പെട്ടത്. ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോയുടെ 6E 11 2 മണിക്കൂറും രണ്ട് മിനിറ്റ് വൈകിയും, വാരണാസിയിലേക്കുള്ള 6E 5317 52 മിനിറ്റും റാഞ്ചിയിലേക്കുള്ള 6E 5066 48 മിനിറ്റും വൈകിയും സർവീസ് നടത്തി.
കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. ഇതേതുടർന്ന് പരിസരപ്രദേശങ്ങളിൽ പ്രളയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയുടെ കരയിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ നിർദ്ദേശവും നൽകിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.
ഡൽഹിയിലെ മിക്ക ജില്ലകളിലും റെഡ് അലേർട്ടാണ്. അതിനിടെ കൽക്കാജി നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടും ജലപ്രതിസന്ധിയും സംബന്ധിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അതിഷി ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്ഥത തലസ്ഥാനത്ത് വെള്ളക്കെട്ടിനും ജല പ്രതിസന്ധിക്കും കാരണമായതായി അതിഷി മുഖ്യമന്ത്രി രേഖ ഗുപ്തയെ വിമർശിച്ചുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തു.