Hidden Treasures in India: ഇന്ത്യയിൽ മറഞ്ഞിരിക്കുന്ന നിധികൾ, കണ്ടെത്തിയാൽ കോടികൾക്ക് മേലെ
Treasures in India : ഗുഹകളിൽ, കിണറുകളിൽ ഭിത്തികളിൽ ഭൂമിക്കടിയിൽ അങ്ങിനെ എവിടെയൊക്കെയോ ഒളിപ്പിക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട നിധികൾ. പലതിനെ പറ്റിയും പ്രചരിക്കുന്നത് കഥകൾ മാത്രമാണ്
ചവിട്ടി നിൽക്കുന്ന മണ്ണിനടിയിലൊരു നിധികുംഭമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഏഴെട്ട് വർഷം മുൻപ് കോട്ടയത്തിന് സമീപം മീനടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നിധിയെ പറ്റി നാട് നീളെ പ്രചരിച്ചൊരു കഥയോർത്തു പോയി. രാജ്യത്തെ പലസ്ഥലങ്ങളിലും നിധികൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി നിധികളെ പറ്റിയുള്ള നിരവധി കഥകളാണ് പ്രചിരിക്കുന്നത്. എവിടെയൊക്കെയാണ് ആ അത്ഭുത നിധികൾ ഒളിഞ്ഞിരിക്കുന്നതെന്ന് നോക്കാം.
സോൺ ഭണ്ഡാർ ഗുഹകൾ
ബീഹാറിലെ രാജ്ഗീറിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഗുഹകളാണിത്. ഗൗതമ ബുദ്ധൻ മഗധ രാജാവായിരുന്ന ബിംബിസാരന് ഇവിടെയാണ് ഉപദേശം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രണ്ട് ഗുഹകളിലും സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വിശ്വസം. ഈ നിധിയുടെ രഹസ്യ വാതിൽ വളരെ സുരക്ഷിതമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗുഹയിൽ കൊത്തിവച്ചിരിക്കുന്ന ലിപി നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിൽ, ഈ നിധിയുടെ രഹസ്യ വാതിൽ തുറക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.
കിംഗ് കോത്തി
ഹൈദരാബാദിലെ അവസാന നിസാമായ മിർ ഉസ്മാൻ അലിയുടെആസ്തി 210.8 ബില്യൺ ഡോളറാണ്. 1937 ൽ, ടൈം മാഗസിൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനിക വ്യക്തിയായി പ്രഖ്യാപിച്ചു. 1911 ൽ മിർ ഉസ്മാൻ ഹൈദരാബാദിലെ നിസാമായപ്പോൾ, പിതാവിന്റെ ആഡംബര ജീവിതശൈലി കാരണം മുഴുവൻ ഖജനാവും കാലിയായിരുന്നു. എന്നാൽ ഭരണകാലത്ത് അദ്ദേഹം തന്റെ സമ്പത്ത് വളരെയധികം വർദ്ധിപ്പിച്ചു. മിർ ഉസ്മാൻ അലിയുടെ മുഴുവൻ സമ്പത്തും ഹൈദരാബാദിലെ കിംഗ് കോത്തിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു
കൃഷ്ണ നദി
ലോകത്തിലെ ഏറ്റവും വിലയേറിയതും പ്രശസ്തവുമായ കോഹിനൂർ വജ്രം കൃഷ്ണ നദിയിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നാലാമത്തെ വലിയ നദി വജ്ര ഖനിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലൂടെ ഒഴുകുന്ന ഈ നദി നാല് സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ്. ഒരു കാലത്ത്, ലോകമെമ്പാടുമുള്ള വജ്രങ്ങളുടെ പ്രധാന ഉറവിടം ഈ നദിയായിരുന്നു. ലോകത്തിലെ ഓരോ 10 വജ്രങ്ങളിൽ 7 എണ്ണവും ഈ നദിയിൽ നിന്നാണ് വന്നത്.
ജയ്ഗഡ് കോട്ടയിലെ രഹസ്യം
രാജസ്ഥാനിലെ ജയ്ഗഡ് കോട്ടയിൽ ഒരു രഹസ്യ നിധിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജയ്പൂർ രാജാവും അക്ബറിന്റെ സൈന്യത്തിന്റെ കമാൻഡറുമായിരുന്നു മാൻസിംഗ്-1. അഫ്ഗാൻ വിജയത്തിനുശേഷം, കൊള്ളയടിച്ച സമ്പത്തിന്റെ പങ്ക് അക്ബറിന് നൽകാതെ ജയ്ഗഡ് കോട്ടയിൽ ഒളിപ്പിച്ചുവെച്ചതായി വിശ്വസിക്കപ്പെടുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഈ നിധി അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നുവെന്ന് പറയപ്പെടുന്നു. എങ്കിലും, ഇതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല.